മസൂദ്, മുഹമ്മദ് ആഷിഖ്, സുബൈർ
മംഗളൂരു: ആന്ധ്രാപ്രദേശിൽ നിന്ന് കടത്തിയ 46.2 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് ശേഖരം പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ മൂന്ന് മലയാളി യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശികളായ എം.കെ. മസൂദ് (45), മുഹമ്മദ് ആഷിഖ് (24), സുബൈർ (30) എന്നിവരാണ് അറസ്റ്റിലായത്. ദക്ഷിണ കന്നട ജില്ലയിലെ മൂഡബിദ്രി താലൂക്കിൽ ബെലുവായ് ഗ്രാമത്തിലെ കാന്തവർ ക്രോസ് മത്തടകെരെക്ക് സമീപം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സി.സി.ബി ഉദ്യോഗസ്ഥർ രണ്ട് കാറുകൾ തടഞ്ഞു.
സംസ്ഥാന അതിർത്തികൾ വഴി കള്ളക്കടത്ത് നടത്തുകയായിരുന്നുവെന്ന് അവർ പറഞ്ഞു. കഞ്ചാവിന് പുറമേ കർണാടകയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത രണ്ട് വാഹനങ്ങളും അഞ്ച് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്) നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം മൂഡബിദ്രി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അന്തർസംസ്ഥാന മയക്കുമരുന്ന് ശൃംഖലകൾ തകർക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ ഓപറേഷൻ. പിടിച്ചെടുത്ത കള്ളക്കടത്തിന്റെ ഉത്ഭവവും വിതരണ ശൃംഖലയും കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.