ടി.ബി. ജയചന്ദ്ര , മന്ത്രി എം.ബി. പാട്ടീൽ
ബംഗളൂരു: തലസ്ഥാന നഗരിയിൽനിന്ന് 120 കിലോമീറ്റർ അകലെ തുമകൂരുവിലെ സിറയിൽ ബംഗളൂരുവിന്റെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കണമെന്ന് ആവശ്യം. മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ഇതുസംബന്ധിച്ച് പാർട്ടി വ്യത്യാസമില്ലാതെ 42 നിയമസഭാംഗങ്ങൾ ഒപ്പിട്ട് നിവേദനം നൽകി.
മുതിർന്ന കോൺഗ്രസ് നേതാവ് ടി.ബി. ജയചന്ദ്രയുടെ നേതൃത്വത്തിലാണ് പുതിയനീക്കം. രണ്ടാമത്തെ വിമാനത്താവളത്തിനായി സംസ്ഥാന സർക്കാർ മൂന്ന് സ്ഥലങ്ങൾ കണ്ടെത്തിയിരുന്നു. ഹരോഹള്ളിക്ക് സമീപം കനകപുര റോഡിൽ രണ്ടു പ്രദേശങ്ങളും നെലമംഗലയിലെ കുനിഗൽ റോഡിൽ ഒരു പ്രദേശവുമാണ് കണ്ടെത്തിയിരുന്നത്.
എന്നാൽ, സിറ ഏറ്റവും അനുയോജ്യമായ പ്രദേശമെന്നാണ് സിറ എം.എൽ.എകൂടിയായ ജയചന്ദ്രയുടെ വാദം. എച്ച്. എ. എല്ലിന്റെ ഹെലികോപ്ടർ ഫാക്ടറിക്കും ചിത്രദുർഗ ചല്ലക്കെരെയിലുള്ള ഡി.ആർ.ഡി.ഒ സംവിധാനത്തിനും സമീപമാണ് സിറയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഇപ്പോൾ തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ വെള്ളമില്ലെന്നും സിറയിൽ ഹേമാവതി നദി, ഭദ്ര നദി, യെറ്റിനഹോൾ പദ്ധതി എന്നിവയിൽ നിന്നുള്ള വെള്ളമുണ്ടെന്നും സിറയിൽ 6000 ഏക്കർ ഭൂമി ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിലെ കർണാടക സർക്കാറിന്റെ പ്രത്യേക പ്രതിനിധി കൂടിയാണ് ടി.ബി. ജയചന്ദ്ര. എന്നാൽ, വ്യവസായ- അടിസ്ഥാന സൗകര്യ വികസന മന്ത്രി എം.ബി. പാട്ടീൽ ഇതിനെ എതിർത്ത് രംഗത്തുവന്നു. സിറ ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിന് അനുയോജ്യമായ സ്ഥലമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
"നമ്മൾ ബംഗളൂരുവിന് രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ഒരു ജില്ല വിമാനത്താവളത്തെക്കുറിച്ചല്ല" -പാട്ടീൽ പറഞ്ഞു. തുമകൂരു-സിറ-ചിത്രദുർഗ മേഖലക്കായി ഒരു ജില്ല വിമാനത്താവളം നിർദേശിക്കാവുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.