ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ വ്യാഴാഴ്ച നടന്ന വാർത്തസമ്മേളനത്തിൽ സംവിധായകരായ ഫാസില്‍ മുഹമ്മദ്, ചാന് ഹോലീ, സന്തോഷ് മദ, നടൻ ശരത് തുടങ്ങിയവർ
ബംഗളൂരു: മലയാളത്തിലേതുപോലെ മികച്ച രചനകള്‍ കന്നടയില്‍ ഉണ്ടാകുന്നില്ലെന്ന് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ രമ്യ അഭിപ്രായപ്പെട്ടു. ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ‘സിനിമയിലെ സ്ത്രീകള്‍’ എന്ന വിഷയത്തില്‍ നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. തന്നെ ജനങ്ങള്‍ വീണ്ടും തിരശ്ശീലയില്‍ കാണാന്‍ ആഗ്രഹിക്കുന്നതിനാലാണ് അഭിനയത്തിലേക്ക് മടങ്ങിവന്നത്. ഇപ്പോഴത്തെ സമൂഹത്തിന്റെ ചിന്താഗതി വളരെയധികം പുരോഗമിച്ചിട്ടുണ്ട്.
പണ്ടൊക്കെ വിവാഹം കഴിഞ്ഞാല്‍ അതോടുകൂടി ആ നടിയുടെ കരിയര്‍ അവസാനിച്ചു എന്നായിരുന്നു വെപ്പ്. ഈ കാലഘട്ടത്തില്‍ കരീന കപൂര്‍, ജ്യോതിക എന്നിവരുടെ സിനിമകള്‍ ആ ധാരണ തിരുത്തുന്നു. പക്ഷേ, ഇപ്പോഴും തുല്യ വേതനം എന്ന സങ്കൽപത്തിലേക്കെത്തിയിട്ടില്ല. പഴയ നിലയിൽനിന്ന് ചെറിയ മാറ്റം വന്നിട്ടുണ്ട്. ഒരു പടം വിജയിച്ചാല്‍ നായകന് അടുത്ത പടത്തില്‍ 15 ഇരട്ടിയാവും പ്രതിഫലം ലഭിക്കുക. എന്നാൽ, നായികക്ക് അഞ്ചിരട്ടിയേ പ്രതിഫലം ലഭിക്കൂവെന്നും അവർ പറഞ്ഞു. സിനിമാട്ടോഗ്രാഫര്‍ പ്രീത ജയറാം, സംവിധായിക നന്ദിനി റെഡ്ഡി എന്നിവരും ചർച്ചയിൽ പങ്കെടുത്തു. മാധ്യമ പ്രവര്‍ത്തക ലത ശ്രീനിവാസ് മോഡറേറ്റര്‍ ആയിരുന്നു. സ്ത്രീകള്‍ നിർമിക്കുന്ന സിനിമകള്‍ ഇന്ന് ഉണ്ടാകുന്നുവെങ്കിലും പ്രേക്ഷകരില്‍ 70 ശതമാനത്തിലധികം പുരുഷന്മാര് ആണ്. സ്ത്രീ പ്രേക്ഷകര്‍കൂടി ഉണ്ടെങ്കില്‍ മാത്രമേ സ്ത്രീ സിനിമകള്‍ വിജയിക്കുകയുള്ളൂവെന്ന് ചർച്ചയിൽ ചൂണ്ടിക്കാട്ടി.
വ്യാഴാഴ്ച ഉച്ചക്ക് നടന്ന വാർത്തസമ്മേളനത്തിൽ മലയാള സിനിമയായ ‘ഫെമിനിച്ചി ഫാത്തിമ’യുടെ സംവിധായകന് ഫാസില്‍ മുഹമ്മദ്, ‘വാട്ടര്‍ ലിലീസ്’ സംവിധായകന് ചാന് ഹോ ലീ, ‘പിതായ്’ സിനിമ സംവിധായകന് സന്തോഷ് മദ, നടൻ ശരത് എന്നിവർ പങ്കെടുത്തു. മൂന്നു സിനിമകളിലും കേന്ദ്ര കഥാപാത്രം സ്ത്രീകളാണ്. ഋതുമതികളായ പെൺകുട്ടികളുടെ ജീവിതത്തിന്റെ ദുരവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്ന പിതായിയും കുടുംബിനിയായ ഫാത്തിമയുടെ ആകുലതകൾ ശക്തമായ ഭാഷയിൽ തിരശ്ശീലയിൽ പകർത്തിയ ‘ഫെമിനിച്ചി ഫാത്തിമ’യും സ്വപ്നങ്ങൾക്ക് നിറം നൽക്കാൻ കൊറിയയിലേക്ക് അഭയാർഥിയായി വന്ന രണ്ടു പെൺകുട്ടികളുടെ കഥ പറയുന്ന വാട്ടര്‍ ലിലീസും പ്രമേയത്തിൽ ഒരുമിക്കുന്നു.
മേളയുടെ ഏഴാം ദിനമായ ഇന്ന് ഫാസിൽ മുഹമ്മദിന്റെ ‘ഫെമിനിച്ചി ഫാത്തിമ’, സൂരജ് ടോമിന്റെ ‘വിശേഷം’, ഇന്ദു ലക്ഷ്മിയുടെ ‘അപ്പുറം’ എന്നീ മലയാള ചിത്രങ്ങളും ജയൻ ചെറിയാന്റെ ‘ദമ്മാം’ കൊങ്കണി ചിത്രവുമടക്കം ഒരുപിടി മികച്ച ചിത്രങ്ങൾ പ്രദർശനത്തിനുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.