ബംഗളൂരു: മഹാരാഷ്ട്ര സ്വദേശിയുടെ വാഗ്ദാനങ്ങൾ വിശ്വസിച്ച് ബെളഗാവിയിൽ വീട്ടിലിരുന്ന് പുകയില ഉൽപന്നങ്ങൾ നിർമിച്ച 8000ത്തിൽ അധികം സ്ത്രീകളിൽനിന്ന് 12 കോടിയിലധികം രൂപ തട്ടിയെടുത്തതായി പരാതി. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ മഹാരാഷ്ട്ര സോളാപൂർ സ്വദേശി അജയ് പാട്ടീൽ ഒളിവിൽ.
വീട്ടിലിരുന്ന് ജോലി ചെയ്ത് സ്ഥിര വരുമാനം നേടാമെന്ന് വാഗ്ദാനം ചെയ്ത് തങ്ങളെ വഞ്ചിച്ചുവെന്ന് ആരോപിച്ച് ഒരു കൂട്ടം സ്ത്രീകൾc പൊലീസ് കമീഷണർക്കാണ് പരാതി നൽകിയത്. എംപ്ലോയ്മെന്റ് ഐ.ഡി ഉണ്ടാക്കി നൽകാമെന്ന് പറഞ്ഞ് ഓരോരുത്തരിൽനിന്ന് 2500 മുതൽ 5000 രൂപവരെ പിരിച്ചെടുത്തതായി പരാതിയിൽ പറഞ്ഞു.
വീടുകളിൽ പുകയില എത്തിക്കുന്ന ഓട്ടോറിക്ഷകളുടെ വാടക, ഐ.ഡി കാർഡ് ചാർജ് എന്നീ ഇനത്തിലാണ് പണം കൈപ്പറ്റിയത്. വീട്ടിലിരുന്ന് പാക്കേജിങ് ജോലികൾ പൂർത്തിയാക്കുന്നതിന് സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ വരുമാനം വാഗ്ദാനം ചെയ്തു. ചെയിൻ മാർക്കറ്റിങ് മോഡലിൽ കൂടുതൽ അംഗങ്ങളെ പദ്ധതിയിൽ ചേർത്താൽ കൂടുതൽ വരുമാനം നൽകാമെന്ന് വിശ്വസിപ്പിച്ചു. വാഗ്ദാനം ചെയ്ത പണം കിട്ടാതെ വന്നതോടെയാണ് സ്ത്രീകൾ പരാതി നൽകിയത്.
തട്ടിപ്പിന് ഇരയായ ലക്ഷ്മി കാംബ്ലെ അടുത്തിടെ ഭർത്താവിനെ നഷ്ടപ്പെട്ട് കുടുംബം പോറ്റാൻ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അവസരം തേടുകയായിരുന്നു. മറ്റ് സ്ത്രീകളിലൂടെയാണ് അവർ ഈ തൊഴിൽ പദ്ധതിയെക്കുറിച്ച് മനസ്സിലാക്കിയത്.
പുകയില സാധനങ്ങൾ വീടുകളിൽ വിതരണം ചെയ്യാൻ ഏഴ് ഓട്ടോകൾ വാടകക്കെടുത്തിരുന്നുവെന്നും തട്ടിപ്പിന് ഇരയായി തന്റെ ഭാര്യക്ക് 20,000 രൂപ നഷ്ടപ്പെട്ടുവെന്നും ഓട്ടോറിക്ഷ ഡ്രൈവർ ഗോവിന്ദ് ലമാനി പറഞ്ഞു. ബാബ സാഹേബ് കോളേക്കർ എന്നാണ് മഹാരാഷ്ട്ര സ്വദേശിയുടെ യഥാർഥ പേരെന്ന് എന്ന് പൊലീസ് കണ്ടെത്തി. ഇയാൾക്കായി അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.