കേരള സമാജം ദൂരവാണി നഗർ പ്രതിമാസ സാഹിത്യ പരിപാടിയിൽ ഡോ. റഫീഖ് ഇബ്രാഹിം സംസാരിക്കുന്നു
ബംഗളൂരു: പ്രമേയപരമായ സ്വാധീനം എന്നതുപോലെ സാഹിത്യോല്പാദന രീതിയിൽ സൃഷ്ടിച്ച വിചാര മാതൃക വ്യതിയാനമാണ് വിക്തോർ യുഗോയുടെ "പാവങ്ങൾ" എന്നും മലയാളിയുടെ സാഹിത്യാവബോധത്തെ മാറ്റി സ്ഥാപിച്ച കൃതിയാണ് പാവങ്ങൾ എന്നും എഴുത്തുകാരനും അധ്യാപകനുമായ ഡോ. റഫീഖ് ഇബ്രാഹിം പറഞ്ഞു. കേരള സമാജം ദൂരവാണി നഗർ പ്രതിമാസ സാഹിത്യ പരിപാടിയിൽ "പാവങ്ങളുടെ നൂറുവർഷവും മലയാളസാഹിത്യത്തിലെ സ്വാധീനവും" എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശക്കുന്നവരുടെ, ദാരിദ്ര്യം അനുഭവിക്കുന്നവരുടെ, ശരീരം വിൽക്കേണ്ടിവരുന്ന സ്ത്രീകളുടെ, ദുരിതങ്ങളിൽ പെട്ടുഴലുന്ന കുഞ്ഞുങ്ങളുടെ അനുഭവങ്ങളെ മലയാള സാഹിത്യത്തിലേക്ക് പാവങ്ങൾ കൊണ്ടുവന്നു. നോവൽ എന്ന നിലയിൽ പൂർണ്ണത പ്രാപിച്ച രചനയായിരുന്നു പാവങ്ങൾ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാജം പ്രസിഡന്‍റ് മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. പ്രശസ്ത ചിത്രകാരിയും എഴുത്തുകാരിയുമായ അനുരാധ നാലപാട്ട് ഉദ്ഘാടനം ചെയ്തു. കവിയും അധ്യാപകനുമായ ടി.പി. വിനോദ് സംവാദം ഉദ്ഘാടനം ചെയ്തു.
ടി.എ. കലിസ്റ്റസ്, മുഹമ്മദ് കുനിങ്ങാട്, രമ പ്രസന്ന പിഷാരടി, ഡോക്ടർ എം.പി രാജൻ, ബിനോജ്, എസ്.കെ. നായർ, ഡെന്നിസ് പോൾ, ജൂബിലി സ്കൂൾ സെക്രട്ടറി കെ.ചന്ദ്രശേഖരക്കുറുപ്പ് എന്നിവർ സംസാരിച്ചു. പി.എൻ. ഗോപികൃഷ്ണൻ എഴുതിയ ഴാങ്ങ് വാൽ ഴാങ്ങും പാവങ്ങളിലെ രാഷ്ട്രീയ ശരിയും എന്ന കവിത രതി സുരേഷും വള്ളത്തോളിന്‍റെ മാപ്പ് എന്ന കവിത സൗദ റഹിമാനും ആലപിച്ചു. കൺവീനർ സി. കുഞ്ഞപ്പൻ സ്വാഗതവും കെ. ചന്ദ്രശേഖരൻ നായർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.