ബംഗളൂരു ഹബ്ബയില്‍
പ്രദർശിപ്പിച്ച
ഇന്സ്റ്റാളേഷന്
ബംഗളൂരു: സാംസ്കാരിക മാമാങ്കമായ ‘ബി.എൽ.ആർ ഹബ്ബ’ക്ക് ഞായറാഴ്ച തിരശ്ശീല വീണു. ജനുവരി 16 മുതൽ 25 വരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ഹബ്ബ നടന്നത്. ബംഗളൂരുവിനെ ടെക് ഹബ് എന്നതിലുപരി കലയുടെയും സംസ്കാരത്തിന്റെയും കേന്ദ്രമാക്കി മാറ്റുക എന്നതാണ് പ്രധാന ലക്ഷ്യം. സംഗീതം, നൃത്തം, നാടകം, വിഷ്വൽ ആർട്സ്, ചർച്ചകൾ, പ്രാദേശിക ഭക്ഷണമേളകൾ, നാടൻ കലകൾ എന്നിങ്ങനെ വിവിധ മേഖലകളിലായി 350ലധികം പരിപാടികൾ നടന്നു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 30ഓളം വേദികളില്‍ നടന്ന പരിപാടിയില്‍ 800ലധികം കലാകാരന്മാർ പങ്കെടുത്തു. ഫ്രീഡം പാർക്ക് ആയിരുന്നു പ്രധാന വേദി. മെട്രോ സ്റ്റേഷനുകൾ, പാർക്കുകൾ എന്നിവിടങ്ങളിലും പരിപാടി നടന്നു. മുൻ വർഷങ്ങളിൽ ഡിസംബറിലായിരുന്നു ഹബ്ബ. ബിഹാര്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ബംഗാള്‍, കശ്മീര്‍ എന്നിവിടങ്ങളിലെ പാരമ്പര്യ വസ്ത്ര ശേഖരങ്ങള്‍, വിവിധ തരം പെയിന്റിങ്ങുകള്‍, 1000 രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ വിലമതിക്കുന്ന സാഞ്ചി പേപ്പര്‍ കട്ടിങ് തുടങ്ങി വൈവിധ്യമാര്‍ന്ന വസ്തുക്കള്‍ വില്പനക്ക് എത്തിയിരുന്നു.
എഡിൻബർഗ് ഫ്രിഞ്ച് ഫെസ്റ്റിവലില്‍ നിന്നാണ് ബംഗളൂരു ഹബ്ബ എന്ന ആശയത്തിന്റെ പിറവി. സ്കോട്ട്ലൻഡിന്റെ തലസ്ഥാനമായ എഡിൻബർഗിൽ എല്ലാ വർഷവും ആഗസ്റ്റ് മാസത്തിൽ നടക്കുന്ന ലോകത്തിലെ വലിയ ആർട്സ് ഫെസ്റ്റിവലാണ് എഡിൻബർഗ് ഫ്രിഞ്ച് ഫെസ്റ്റിവൽ. 1947ലാണ് ഫെസ്റ്റിവലിന്റെ ആരംഭം. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കലകളിലൂടെ മാനവികതയെ ആഘോഷിക്കുന്നതിനാണ് 'എഡിൻബർഗ് ഇന്റർനാഷനൽ ഫെസ്റ്റിവൽ' ആരംഭിച്ചത്. എന്നാൽ അതിലേക്ക് ഔദ്യോഗികമായി ക്ഷണിക്കപ്പെടാത്ത എട്ട് നാടക സംഘങ്ങൾ പ്രധാന വേദികൾക്ക് പുറത്ത് (ഓണ്‍ ദി ഫ്രിഞ്ചസ്) തങ്ങളുടെ പരിപാടി അവതരിപ്പിച്ചു. അങ്ങനെയാണ് ‘ഫ്രിഞ്ച്’എന്ന പേര് ഫെസ്റ്റിവലിന് ലഭിക്കുന്നത്. കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ഇതില്‍ പങ്കെടുക്കാമെന്നും നഗരത്തിന്റെ ഏത് കോണും വേദിയാക്കി മാറ്റാം എന്നതും സവിശേഷതയാണ്. ഇൗ പാത പിന്തുടര്ന്നാണ് ബംഗളൂരു ഹബ്ബയും അരങ്ങേറുന്നത്.
സാന്നിധ്യമായി മലയാളിയും
സുരാഗ് രാമചന്ദ്രന്
ബംഗളൂരു: കോഴിക്കോട് സ്വദേശിയും ഐ.ടി ഉദ്യോഗസ്ഥനുമായ സുരാഗ് രാമചന്ദ്രന് തികച്ചും യാദൃച്ഛികമായാണ് ബംഗളൂരു ഹബ്ബയുടെ ഭാഗമാകുന്നത്. പെന്‍സില്‍ ജാം എന്ന ഗ്രൂപ് മുഖേനയാണ് ഹബ്ബയില്‍ എത്തിയതെന്നും സുരാഗ് ‘മാധ്യമ’ത്തോട് പറഞ്ഞു. ബംഗളൂരുവിലെ കബ്ബണ്‍ പാര്‍ക്ക്, മിലിറ്ററി മ്യൂസിയം, വിധാന സൗധ തുടങ്ങി പൈതൃക സ്ഥലങ്ങളില്‍ പോയി ലൈവ് സ്കെച്ചിങ് നടത്തുന്ന രീതിയാണ് ഗ്രൂപ് പിന്തുടരുന്നത്. ഫ്രീഡം പാര്‍ക്ക്, ബി.ഐ.സി, പഞ്ചവടി എന്നീ മൂന്നു വേദികളില്‍ സുരാഗിന്റെ ചിത്രമുള്‍പ്പടെ 44ഓളം ചിത്രകാരന്മാരുടെ സൃഷ്ടികള്‍ മരത്തിന്റെ ശാഖകളുടെ രൂപത്തില്‍ ഇന്സ്റ്റലേഷന് ചെയ്തെടുക്കുകയായിരുന്നു. പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയ മൂന്നു ചിത്രങ്ങള്‍ ഫിഗരറ്റിവ് അബ്സ്ട്രാക്റ്റ് എന്ന വിഭാഗത്തിലാണ് വരച്ചത്. ഇവ പൂര്‍ത്തിയാക്കാന്‍ രണ്ടുമാസത്തോളം എടുത്തു.
ചെറുപ്പം മുതല്‍ ചിത്രരചനയില്‍ താല്പര്യമുണ്ടായിരുന്ന ഇദ്ദേഹം ജോലിത്തിരക്കിനിടയില്‍ ചിത്രം വരക്ക് ഇടവേള നല്‍കിയിരുന്നു. തുടര്‍ന്ന് ഫ്രീലാന്‍സ് ആയി ജോലി ചെയ്യുന്ന സമയത്താണ് വൈ.എ.ഐ ഗ്രാഫിക് നോവലുകള്‍ വരക്കാനുള്ള സാഹചര്യം വന്നത്. ഇതോടെ പഴയ ചിത്രരചന പൊടിതട്ടിയെടുക്കാനായി. മരം കാന്‍വാസായി ഉപയോഗിച്ചിരുന്ന സുരാഗ് പിന്നീട് ചിത്രരചനയുടെ മാധ്യമം കാന്‍വാസിലേക്കും പ്ലൈവുഡിലേക്കും മാറ്റി. ചിത്രരചനയോടൊപ്പം കഥാരചനയിലും കഴിവ് തെളിയിച്ച ഇദ്ദേഹം നാലു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. 2008ലായിരുന്നു ആദ്യ കഥാസമാഹാരമായ കള്‍ച്ചര്‍ ചേഞ്ച് പുറത്തിറങ്ങിയത്. തുടര്‍ന്ന് സ്വാതന്ത്ര്യ സമര സേനാനി മംഗള്‍ പാണ്ഡേയുടെ ജീവിതം അടിസ്ഥാനമാക്കി കുട്ടികള്‍ക്കുള്ള നോവലും ഐ.ടി ഉദ്യോഗസ്ഥരുടെ യഥാർഥജീവിതം തുറന്നുകാട്ടുന്ന ദേവാല എന്ന മലയാളം നോവലും രചിച്ചു. ഐ.ടി ഉദ്യോഗസ്ഥയായ ഭാര്യ ജില്നക്കും ഏക മകന് സാത്വികിനുമൊപ്പം വൈറ്റ് ഫീല്‍ഡിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.