ബംഗളൂരു: പാചക വാതക വാണിജ്യ സിലിണ്ടറുകള്‍ക്ക് ക്ഷാമം നേരിടുന്നത് ഹോട്ടലുകളെ ബാധിക്കുന്നു. ഹോട്ടലുകളും പി.ജികളും വ്യാപകമായി ഗാർഹിക കണക്ഷനുകളെ ആശ്രയിച്ചുതുടങ്ങി. ഇതോടെ ഗ്യാസ് ഏജൻസികൾക്ക് മുന്നിൽ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ആവശ്യക്കാർ ഏറിയതോടെ ഓണ്‍ലൈന്‍ ബുക്കിങ് താല്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
സർക്കാർ സ്കൂൾ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ പദ്ധതിയെ എൽ.പി.ജി പ്രതിസന്ധി ബാധിച്ച് തുടങ്ങിയിട്ടില്ല. എങ്കിലും പ്രതിസന്ധി രൂക്ഷമാവുകയാണെങ്കിൽ പരിഹരിക്കാനുള്ള വഴികൾ കണ്ടെത്താനായി വിദ്യാഭ്യാസ വകുപ്പ് യോഗം ചേർന്നു.
എൽ.പി.ജി ക്ഷാമം ക്ഷേത്രങ്ങളിലെ പ്രസാദം തയ്യാറാക്കലിന് തടസമാകുന്നുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. നിലവില്‍ ഒരാഴ്ചത്തേക്കുള്ള പ്രസാദം തയ്യാറാക്കാനുള്ള പാചകവാതകം സ്റ്റേക്കുണ്ട്. സ്ഥിതി തുടര്‍ന്നാല്‍ പ്രസാദ വിതരണം തടസപ്പെടും. മുന്‍കരുതല്‍ നടപടിയായി മരത്തടികൾ ശേഖരിക്കാന്‍ തുടങ്ങിയെന്നും ഭാരവാഹികള്‍ പറഞ്ഞു.
കരിഞ്ചന്തക്കാർക്കെതിരെ നടപടി -മന്ത്രി മുനിയപ്പ
ബംഗളൂരു: പാചക വാതക പ്രതിസന്ധിക്കിടെ എൽ.പി.ജി റീഫിൽ ഡീലർമാർ കരിഞ്ചന്തയിൽ വിൽപന നടത്തരുതെന്ന് കർണാടക ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി കെ.എച്ച് മുനിയപ്പ മുന്നറിയിപ്പ് നൽകി. ഗ്യാസ് ഡീലർമാർക്ക് പ്രതിമാസം ഒരു സിലിണ്ടർ പോലും ഉപഭോക്താക്കൾക്ക് നിഷേധിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും നടത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ സർക്കാറുമായി സഹകരിക്കണമെന്നും ഉപഭോക്താക്കളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന ഏതെങ്കിലും രീതികളിൽ നിന്ന് വിട്ടുനിൽക്കണമെന്നും മുനിയപ്പ വിതരണക്കാരോട് അഭ്യർത്ഥിച്ചു.
ഗാർഹിക എൽ.പി.ജി വിതരണം നിയന്ത്രിക്കാനോ വിതരണം നിർത്തിവെക്കാനോ നിർദേശമില്ലെന്ന് എണ്ണ വിപണന കമ്പനികൾ ഉറപ്പുനൽകിയിട്ടുണ്ടെന്നും മുനിയപ്പ പറഞ്ഞു.
എൽ.പി.ജി ക്ഷാമം മന്ത്രിസഭ ചർച്ച ചെയ്യും -ഡി.കെ. ശിവകുമാർ
ബംഗളൂരു: എൽ.പി.ജി ക്ഷാമം മന്ത്രിസഭ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. കുടുംബങ്ങളെയും കർഷകരെയും ബാധിക്കുന്ന ഗ്യാസ് വിതരണ പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്ന് കേന്ദ്രത്തോട് അദ്ദേഹം ആവശ്യപ്പെട്ടു.
യുദ്ധം മൂലം സംസ്ഥാനത്ത് ഗ്യാസ് വിതരണത്തിൽ പ്രതിസന്ധി നേരിടുകയാണ്. ഇന്നലെയും വിഷയം ഉന്നയിച്ചുവെങ്കിലും ബി.ജെ.പി എം.പിമാർ ഇതിനോട് പ്രതികരിക്കുന്നില്ലെന്നും ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എൽ.പി.ജി വിതരണം തടസമില്ലാത്ത രീതിയില്‍ നടക്കാനുള്ള നടപടി കേന്ദ്രം ഉടന്‍ സ്വീകരിക്കണം. സ്ഥിതിവിശേഷം തുടരുകയാണെങ്കില്‍ ജനങ്ങള്‍ വിറകടുപ്പുകളിലേക്ക് മടങ്ങേണ്ടി വരും. വില വര്‍ധനവിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. എല്ലാ സാധനങ്ങളുടെയും വില ഉയരുകയാണ്. ജനങ്ങൾ ബുദ്ധിമുട്ടുകയാണ്.
സംസ്ഥാന സർക്കാറിന് മാത്രം ഇക്കാര്യത്തില്‍ മാറ്റം കൊണ്ടുവരാൻ കഴിയില്ല. ആളുകൾക്ക് ഭക്ഷണം ലഭിക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കണം. വരും ദിവസങ്ങളിൽ സാഹചര്യം എന്താവുമെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാണിജ്യ സിലിണ്ടർ റീഫില്ലിങ് നിർത്തിവെച്ചു
ബംഗളൂരു: ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് തുടങ്ങിയ സർക്കാർ നിയന്ത്രണത്തിലുള്ള എണ്ണ വിപണന കമ്പനികൾ വാണിജ്യ എൽ.പി.ജി സിലിണ്ടറുകൾ റീഫിൽ ചെയ്യുന്നത് പൂർണമായി നിർത്തിവച്ചതായി ഹോട്ടൽ വ്യവസായ പ്രതിനിധികൾ പറഞ്ഞു. മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ സംഘർഷങ്ങളാണ് വിപണനത്തിന് തടസം. ഇത് ഇന്ത്യയിലെ വിതരണ ശൃംഖലകളെ സാരമായി ബാധിച്ചു.
മൈസൂരുവിൽ ഏകദേശം 1,500 ഹോട്ടലുകൾ, റെസ്റ്റോറന്റുകള്‍, ഫാസ്റ്റ് ഫുഡ് ഔട്ട്ലെറ്റുകൾ, ചായക്കടകൾ, മറ്റ് ഭക്ഷണശാലകൾ എന്നിവയുണ്ട്. ഇവ ദൈനംദിന പ്രവർത്തനങ്ങൾക്ക് വാണിജ്യ എൽ.പി.ജിയെയാണ് ആശ്രയിക്കുന്നത്. ഇവയുടെ നടത്തിപ്പിനായി പ്രതിദിനം ഏകദേശം 4,500 വാണിജ്യ സിലിണ്ടറുകൾ ആവശ്യമാണ്. വാണിജ്യ എൽ.പി.ജി. സിലിണ്ടറുകളുടെ വിതരണത്തിൽ ഉണ്ടായ തടസത്തെത്തുടർന്ന് മൈസൂരുവിലെ ഹോട്ടല്‍ മേഖല കടുത്ത പ്രതിസന്ധിയിലാണ്. ഗാർഹിക എൽ.പി.ജി. സിലിണ്ടറുകളുടെ വിതരണത്തിന് മുൻഗണന നൽകാൻ എണ്ണ വിപണന കമ്പനികൾക്ക് കേന്ദ്രം നിർദേശം നൽകിയതായി റിപ്പോർട്ടുണ്ട്.
ഗ്യാസ് വില വര്‍ധന ഹോട്ടല്‍ മേഖലയില്‍ ആശങ്ക വര്‍ധിപ്പിച്ചു. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ആയിരക്കണക്കിന് തൊഴിലാളികളെ ബാധിക്കുമെന്നും വ്യവസായ പ്രതിനിധികൾ മുന്നറിയിപ്പ് നൽകുന്നു. പരമ്പരാഗത രീതികളായ വിറകടുപ്പും ഇൻഡക്ഷൻ സ്റ്റൗ പോലുള്ളവയും ഹോട്ടല്‍ ഉടമകള്‍ പാചകത്തിനായി പരിഗണിക്കുന്നു. നിലവില്‍ 1,700 രൂപയുള്ള സ്വകാര്യ സിലിണ്ടറിന് 3,000 രൂപയായി മാറി.
സർക്കാർ എണ്ണക്കമ്പനികളിൽ നിന്നുള്ള വാണിജ്യ എൽ.പി.ജി. സിലിണ്ടറുകളുടെ വിതരണം കഴിഞ്ഞ അഞ്ച് ദിവസമായി തടസ്സപ്പെട്ടതായി മൈസൂരു ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സി. നാരായണഗൗഡ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.