യു.ഡി.എഫ് കർണാടക സ്റ്റേറ്റ് കമ്മിറ്റി മടിവാള സീ പാലസ് ഹോട്ടലിൽ സംഘടിപ്പിച്ച ഇഫ്താർ സ്നേഹസംഗമത്തിൽ അബിൻ വർക്കി സംസാരിക്കുന്നു
ബംഗളുരു: ആസന്നമായ കേരളം നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ സമഗ്ര വികസനത്തിനായി യു.ഡി.എഫ് മുന്നണി തിരിച്ചുവരേണ്ടത് നാടിന്റെ ആവശ്യമാണെന്നും അതിനു വേണ്ടി പ്രവർത്തിക്കേണ്ടത് ഓരോ ജനാധിപത്യ മതേതര വിശ്വാസികളുടെയും കടമയും ഉത്തരവാദിത്വവുമാണെന്നും യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ സെക്രട്ടറി അബിൻ വർക്കി പറഞ്ഞു. യു.ഡി.എഫ് കർണാടക സ്റ്റേറ്റ് കമ്മിറ്റി മടിവാള സീ പാലസ് ഹോട്ടലിൽ സംഘടിപ്പിച്ച ഇഫ്താർ സ്നേഹ സംഗമവും പ്രവർത്തക കൺവെൻഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു വോട്ട് പോലും പാഴാക്കാതെ യു.ഡി.എഫിന്റെ വിജയത്തിനായി കർമരംഗത്ത് ഇറങ്ങണം. പിണറായി സർക്കാറിന്റെ ദുർഭരണം അവസാനിച്ച് കേരള ജനതക്ക് സർവമേഖലകളിലും പുരോഗതി കൈവരിക്കാനുതകുന്ന വിധത്തിൽ ജനാധിപത്യ മതേതര ചേരിയിലുള്ള യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി സർക്കാറിന്റെ 10 വർഷം കാർഷിക, ആരോഗ്യ, ആഭ്യന്തര, വിദ്യാഭ്യാസ രംഗങ്ങളിലെല്ലാം വൻ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ചെയർമാൻ അഡ്വ. സത്യൻ പുത്തൂർ അധ്യക്ഷത വഹിച്ചു. എം.എം.എ ജനറൽ സെക്രട്ടറി ടി.സി. സിറാജ്, കെ.എം.സി.സി വൈസ് പ്രസിഡന്റ് സിദ്ധീഖ് തങ്ങള്‍, കേരള സമാജം സെക്രട്ടറി റെജി കുമാർ, സുവർണ കേരളം സമാജം പ്രസിഡന്റ് കെ. രാജേന്ദ്രൻ, കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റര്‍ പ്രസിഡന്റ് ഈസ നീലസന്ദ്ര, ദലിത് സംഘടന നേതാവ് നജീബ്, ഇ.സി.എ മുൻ പ്രസിഡന്റ് സഞ്ജയ് അലക്സ്, വിനു തോമസ്, ലത്തീഫ് ഹാജി ആർ.സി.പുരം, ഷംസുദ്ദീൻ കൂടാളി തുടങ്ങിയവർ സംസാരിച്ചു. ‘കണ്ണൂരും കണ്ണുനീരും’ എന്ന പുസ്തകത്തിന് ഡോ. പൽപു അവാർഡ് നേടിയ സത്യൻ പുത്തൂരിനെ ചടങ്ങിൽ ആദരിച്ചു. മെറ്റി കെ. ഗ്രേസ്, അഡ്വക്കേറ്റ് പ്രമോദ് വരപ്രത്, ഡോ. നകുൽ, സുമോജ് മാത്യു, അടൂർ രാധാകൃഷ്ണൻ, സാജിത തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ജനറൽ കൺവീനർ നാസർ നീലസന്ദ്ര സ്വാഗതവും ട്രഷറർ ജയ് സണ്‍ ലൂക്കോസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.