ഉഡുപ്പി കമ്പള ട്രാക്ക് ശിലാസ്ഥാപനം ഗുർമേ സുരേഷ് ഷെട്ടി എം.എൽ.എ നിർവഹിക്കുന്നു
മംഗളൂരു: ഉഡുപ്പി ജില്ല ഭരണകൂടം ഏർപ്പെടുത്തിയ നിരോധന ഉത്തരവുകൾ അവഗണിച്ച് കമ്പള ട്രാക്കിന്റെ തറക്കല്ലിടൽ ചടങ്ങ് നടന്നു. മണിപ്പാലിലെ 80 ബഡാഗുബെട്ടുവിൽ ബിജെപി എംഎൽഎ ഗുർമേ സുരേഷ് ഷെട്ടിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്.
ശനിയാഴ്ച നടക്കുന്ന ശിലാസ്ഥാപന ചടങ്ങിനെ കോൺഗ്രസ് നേതാവ് മുൻ മന്ത്രി വിനയ് കുമാർ സൊറാക്കെ എതിർത്തതിനെ തുടർന്ന് ബിജെപി -കോൺഗ്രസ് വിവാദം രൂപപ്പെട്ടിരുന്നു. മാർച്ച് നാലിന് ജില്ല ചുമതലയുള്ള മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറുടെ സാന്നിധ്യത്തിൽ പരിപാടി സംഘടിപ്പിക്കണമെന്നാണ് സൊറാക്കെ നിർബന്ധിച്ചത്.
എതിർപ്പുകളെ തുടർന്ന് ക്രമസമാധാനനില ഭയന്ന്, ജില്ലാ ഭരണകൂടം 80 ബഡാഗുബെട്ടു ഗ്രാമത്തിന്റെ പരിധിയിൽ ശനിയാഴ്ച രാവിലെ ആറ് മുതൽ രാത്രി 10 വരെ നിരോധാജ്ഞ ഏർപ്പെടുത്തി. കമ്പളക്കായി കണ്ടെത്തിയ സ്ഥലം യുവജന-കായിക വകുപ്പിന്റേതാണെന്നും പരമ്പരാഗത പരിപാടിക്കായി സർക്കാർ ഭൂമിയായി നീക്കിവച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഔദ്യോഗിക തറക്കല്ലിടൽ ചടങ്ങ് മാർച്ച് നാലിന് നടത്തുമെന്ന് ഭരണകൂടം പറഞ്ഞു.
നിരോധാജ്ഞ അവഗണിച്ച് ബിജെപി എംഎൽഎ തറക്കല്ലിടൽ നടത്തി. നിരവധി ബിജെപി നേതാക്കളും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും വേദിയിലെത്തി. സംഭവവികാസങ്ങളോട് രൂക്ഷമായി പ്രതികരിച്ച മുൻ മന്ത്രി സുനിൽ കുമാർ എംഎൽഎ കോൺഗ്രസ് സർക്കാർ സാംസ്കാരിക പരിപാടിയെ രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് ആരോപിച്ചു.
പരമ്പരാഗതമായി പൊതുജനങ്ങളുടെയും ദാതാക്കളുടെയും പിന്തുണയോടെയാണ് കമ്പള സംഘടിപ്പിക്കുന്നതെന്നും എല്ലായ്പ്പോഴും പാർട്ടി രാഷ്ട്രീയത്തിന് അതീതമായാണ് കമ്പള നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിരോധാജ്ഞ ഏർപ്പെടുത്താനും പ്രത്യേക ശിലാസ്ഥാപന ചടങ്ങ് ആസൂത്രണം ചെയ്യാനുമുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം അനുചിതമാണെന്ന് സുനിൽ കുമാർ പറഞ്ഞു.
പരമ്പരാഗത പോത്തോട്ട മത്സരത്തിന്റെ രാഷ്ട്രീയവൽക്കരണത്തെ സംസ്ഥാന കമ്പള അസോസിയേഷൻ അപലപിച്ചു. കോൺഗ്രസുമായി ബന്ധമുള്ള അസോസിയേഷൻ പ്രസിഡന്റ് ദേവിപ്രസാദ് ഷെട്ടി ഐകലബാവ വേദിയിൽ സന്നിഹിതനായിരുന്നു. രാഷ്ട്രീയ വൈരാഗ്യത്തിൽ നിന്ന് കമ്പളയെ മുക്തമാക്കണമെന്ന് അദ്ദേഹം എല്ലാ രാഷ്ട്രീയ പാർട്ടികളോടും അഭ്യർത്ഥിച്ചു. ഔദ്യോഗികമായി അനുവദിച്ച കമ്പള പരിപാടി മാർച്ച് നാലിന് നിശ്ചയിച്ചതുപോലെ തന്നെ ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ നടത്തുമെന്ന് ജില്ലാ ഭരണകൂടം ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.