ബംഗളൂരു: കർണാടകയുടെ വളർച്ചയിലും പുരോഗതിയിലും യുവതലമുറയുടെ പങ്ക് വളരെ വലുതാണെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ജെൻ സി വിഭാഗത്തിൽപ്പെട്ട യുവജനങ്ങൾ കേവലം ഭാവിയുടെ വാഗ്ദാനങ്ങൾ മാത്രമല്ല, അവർ തങ്ങളുടെ വർത്തമാനകാലത്തെയും നാടിന്റെ ഭാവിയെയും ഒരുപോലെ രൂപപ്പെടുത്തുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രമുഖ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദ്ദേഹം യുവശക്തിയുടെ പ്രാധാന്യത്തെക്കുറിച്ച് എടുത്ത് പറഞ്ഞത്.
തന്റെ പഴയകാല വിദ്യാർഥി ജീവിതത്തെ ഓർമ്മിപ്പിച്ചുകൊണ്ട് യുവജനങ്ങൾ മനസ്സിൽ കാണുന്ന വലിയ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും ഭരണകൂടം സജീവമായി കേൾക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 'യങ് കർണാടക, ന്യൂ ഇന്ത്യ' എന്ന ആശയത്തിലൂടെ യുവജനങ്ങൾക്കായി മികച്ച നേതൃനിരയും വിശാലമായ അവസരങ്ങളും തുറന്നുനൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഓരോ യുവ മനസ്സിനും സ്വന്തം കഴിവുകൾ പൂർണമായി പ്രയോജനപ്പെടുത്താനും സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കാനും സാധിക്കുന്ന ശക്തമായ ഒരു അന്തരീക്ഷം ഒരുക്കുകയാണ് ഇതിന്റെ ലക്ഷ്യം എന്ന് മുഖ്യമന്ത്രി പറയുന്നു.
ഇതിന്റെ ഭാഗമായി ബാംഗ്ലൂർ നഗരത്തിന്‍റെ മുഖച്ഛായ തന്നെ മാറ്റിയെഴുതുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതിക്ക് പുതു ജീവൻ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അത്യാധുനിക റോഡ് ശൃംഖലകൾ, മെട്രോ കണക്റ്റിവിറ്റി, ആധുനിക സ്പോർട്സ് അരീനകൾ, മനോഹരമായ പാർക്കുകൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് ഈ പ്രദേശം ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നഗരമായി വികസിപ്പിക്കാനാണ് ഗ്രേറ്റർ ബെംഗളൂരു ഡെവലപ്മെന്റ് അതോറിറ്റി ലക്ഷ്യമിടുന്നത്. യുവതലമുറയുടെ സർഗാത്മകതക്കും കഴിവുകൾക്കും അനുയോജ്യമായ രീതിയിൽ നാടിനെ വാർത്തെടുക്കാനുള്ള ഈ പ്രയത്നം വരുംകാലങ്ങളിൽ കർണാടകക്ക് വലിയ നേട്ടങ്ങൾ സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.