ബംഗളൂരു: എൻ.ആർ.ഐ കർണാടകർക്കായി പ്രത്യേക മന്ത്രാലയം സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. കേരളം ഏർപ്പെടുത്തിയ സംവിധാനങ്ങളുടെ ചുവടുപിടിച്ചാണിതെന്ന് ആഭ്യന്തര മന്ത്രി ഡോ. ജി.പരമേശ്വര ബുധനാഴ്ച നിയമസഭയിൽ പറഞ്ഞു.നിയമസഭ സ്പീക്കർ യു.ടി.ഖാദറിന്റെ പ്രത്യേക ക്ഷണിതാക്കളായി 15 കർണാടക പ്രവാസി പ്രമുഖർ ഈയിടെ ബംഗളൂരുവിലെത്തി അവരുടെ ആശയങ്ങൾ പങ്കുവെച്ചിരുന്നു.
ഇത് സ്വാഗതാർഹമാണെന്ന് പരമേശ്വര പറഞ്ഞു.പ്രവാസികൾക്ക് പ്രത്യേക മന്ത്രാലയം വരുന്നതോടെ അവരുടെ ആവശ്യങ്ങൾ പരിഹരിക്കാനുള്ള വാതായനമാണ് തുറക്കപ്പെടുക. സംസ്ഥാനത്ത് പ്രവാസി നിക്ഷേപ സാധ്യതയും പ്രതീക്ഷിക്കാമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
തീർച്ചയായും മന്ത്രാലയം രണ്ട് ദിശകളിലും ഗുണം ചെയ്യുമെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. താൻ ചുമതല വഹിക്കുന്ന ദക്ഷിണ കന്നട ജില്ലയിൽ പ്രവാസി നിക്ഷേപം നല്ല രീതിയിൽ പ്രതീക്ഷിക്കാം.പ്രവാസികളെ ചേർത്തുനിർത്തേണ്ടത് നമ്മുടെ കടമയാണെന്ന് സ്പീക്കർ യു.ടി.ഖാദർ പറഞ്ഞു. രാഷ്ട്രത്തിനും സംസ്ഥാനത്തിനും അവർ ചെയ്യുന്ന സേവനങ്ങൾ വലുതാണ്. ലോകത്തിന്റെ ഏത് കോണിലായാലും കർണാടകക്കാരൻ അവന്റെ ഭാഷയുടെ സൗന്ദര്യം സൂക്ഷിക്കുന്നു.
സ്വയം കഠിനാധ്വാനം ചെയ്യുന്ന വേളയിൽ തന്നെ പിറന്ന നാടിന്റെ വികസനത്തിലും തൊഴിൽ നൽകുന്നതിലും അവർ ബദ്ധശ്രദ്ധരാണ്.പ്രത്യേക മന്ത്രാലയം പ്രവാസി കർണാടകക്കാരോട് ചെയ്യുന്ന നീതിയാണെന്ന് എൻ.എ.ഹാരിസ് എം.എൽ.എ പറഞ്ഞു. മന്ത്രിമാരായ എം.ബി. പാട്ടീൽ, പ്രിയങ്ക ഖാർഗെ എന്നിവരും പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.