മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും
ബംഗളൂരു: മുഖ്യമന്ത്രി പദവിയിൽ മാറ്റമുണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഖ്യമന്ത്രി സ്ഥാനമാറ്റം സംബന്ധിച്ച് കോൺഗ്രസിൽ ചർച്ചയുണ്ടായിട്ടില്ലെന്ന് സിദ്ധരാമയ്യ ഡൽഹിയിൽ വ്യക്തമാക്കി. “നേതൃ മാറ്റത്തെക്കുറിച്ച് ചർച്ചയൊന്നുമില്ല. ഇതാണ് ഈ വിഷയത്തിൽ എന്റെ മറുപടി. മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർതന്നെ വ്യക്തമാക്കിയതാണ്. ഹൈകമാൻഡ് എന്തുതീരുമാനിക്കുമ്പോഴും ഞങ്ങൾ രണ്ടുപേരും അത് അനുസരിക്കും’’ - സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എന്നാൽ, കർണാടകയിൽ പാർട്ടി ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജെവാല നേതാക്കളുമായി ബംഗളൂരുവിൽ തിരക്കിട്ട ചർച്ചകൾ നടത്തുന്നത് സംബന്ധിച്ച് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, ‘അതിന് അദ്ദേഹമാണ് മറുപടി നൽകേണ്ടത്’ എന്നായിരുന്നു സിദ്ധരാമയ്യയുടെ മറുപടി. മാധ്യമങ്ങളിലാണ് ചർച്ചകളെല്ലാം നടക്കുന്നതെന്നും പാർട്ടി തലത്തിൽ ഒരു ചർച്ചയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നേരത്തേ ഇതു സംബന്ധിച്ച ചോദ്യങ്ങൾ തള്ളിയിരുന്നു. നേതൃത്വ മാറ്റമൊന്നുമില്ല. എനിക്കാരുടെയും പിന്തുണ വേണ്ട. എന്റെ പ്രധാന ലക്ഷ്യം അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള വഴി തുറക്കുക മാത്രമാണ് - ശിവകുമാർ വ്യക്തമാക്കി. എം.എൽ.എമാരുമായി രൺദീപ് സിങ് സുർജെവാല നടത്തുന്ന യോഗം സംസ്ഥാനത്ത് നേതൃമാറ്റത്തിന് വേണ്ടിയല്ലെന്ന് ആവർത്തിച്ച ശിവകുമാർ, കോൺഗ്രസിൽ തർക്കം ഇല്ലെന്നും എല്ലാവരും ഐക്യത്തിലാണെന്നും പാർട്ടിയുടെ ശ്രദ്ധ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലാണെന്നും വ്യക്തമാക്കി.
‘‘എനിക്ക് പാര്‍ട്ടി എം.എൽ.എമാരുടെ ശിപാർശ വേണ്ട. പാര്‍ട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് എന്റെ ജോലി. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പുകളും 2028 നിയമസഭ തെരഞ്ഞെടുപ്പുമാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. ഇത് നേതൃമാറ്റത്തിനുള്ള പ്രക്രിയയല്ല. മാറ്റത്തിന് ഞാനില്ല’’ -ശിവകുമാർ പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും നേതാക്കളുമായുള്ള കൂടിക്കാഴ്ചക്കായി ഡൽഹിയിൽതന്നെ കഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.