ബംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.എസ്.ആർ.ടി.സി) ഗ്രാമപ്രദേശങ്ങളിൽ ഇലക്ട്രിക് ബസുകൾ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നു. കർണാടക ഇലക്ട്രിക് ബസ് പ്രോഗ്രാം(കെ.ഇ.ബി.പി) എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. സ്ത്രീകൾക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്യുന്നതും യാത്രക്കാരുടെ എണ്ണത്തിൽ കുതിച്ചുചാട്ടത്തിന് കാരണമായതുമായ സംസ്ഥാന സർക്കാരിന്റെ ‘ശക്തി’ ഗ്യാരണ്ടി പദ്ധതി വ്യാപിപ്പിക്കുക എന്നതാണ് സംരംഭത്തിന്റെ ലക്ഷ്യം. മിഡിലീസ്റ്റ് സംഘർഷങ്ങൾ മൂലമുള്ള ഇന്ധന വിലയിലെ ചാഞ്ചാട്ടത്തെക്കുറിച്ചുള്ള ആഗോള ആശങ്കകൾക്കിടയിൽ, ഇലക്ട്രിക് സാധ്യതയിലേക്കുള്ള ഈ മാറ്റം ദീർഘകാല നടപടിയായി കോർപറേഷൻ കാണുന്നു. ഗ്രാമീണ മേഖലയിൽ വിജയകരമായി നടപ്പിലാക്കിയാൽ ഉൾപ്രദേശങ്ങളിൽ ഇലക്ട്രിക് ബസുകൾ ഓടിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കർണാടക മാറുമെന്ന് അവകാശപ്പെട്ടു.
നിലവിലെ നിർദേശപ്രകാരം ആദ്യഘട്ടത്തിൽ സംസ്ഥാനത്തുടനീളം 1950 ഇലക്ട്രിക് ബസുകൾ അനുവദിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. 'ഗ്രീൻ യൂണിറ്റുകൾ' സ്ഥാപിക്കുന്നതിന് ജില്ല അല്ലെങ്കിൽ താലൂക്ക് കേന്ദ്രങ്ങളിൽ ഒരു ഏക്കർ ഭൂമിയെങ്കിലും കണ്ടെത്തുക എന്നതാണ് ഇതിന്റെ പ്രധാന ആവശ്യം. ഈ യൂണിറ്റുകൾ ഇ-ബസുകൾക്കായി സമർപ്പിത ചാർജിങ്, സർവീസ് സ്റ്റേഷനുകളായി പ്രവർത്തിക്കും. വകുപ്പുതല പദ്ധതി പ്രകാരം ഒരു ഏക്കർ സ്ഥലം ലഭിച്ചാൽ ആ യൂണിറ്റിന് 20 ഇ-ബസുകൾ നൽകും. രണ്ട് മുതൽ മൂന്ന് ഏക്കർ വരെ സ്ഥലം നൽകുന്ന സ്ഥലങ്ങളിൽ 60 ബസുകൾ വരെ സ്ഥാപിക്കാൻ കഴിയും. നിലവിലുള്ള കെ.എസ്.ആർ.ടി.സി ഭൂമി ഉപയോഗിച്ച് ഈ സ്റ്റേഷനുകൾ സ്ഥാപിക്കുന്നത് പ്രക്രിയ വേഗത്തിലാക്കുമെന്ന് ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു.
വിദൂര ഗ്രാമങ്ങളിൽ പോലും ആധുനിക ഗതാഗത സൗകര്യങ്ങൾ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. ഈ പ്രാദേശിക ഹരിത യൂനിറ്റുകൾ സ്ഥാപിക്കുന്നതിലൂടെ ഗ്രാമീണ ക്ലസ്റ്ററുകളിലും നഗര, താലൂക്ക് കേന്ദ്രങ്ങളിലും ഫലപ്രദമായി ബസുകൾ പ്രവർത്തിപ്പിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. ‘ശക്തി’ പദ്ധതി നടപ്പിലാക്കിയതിന്റെ ഫലമായി സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ അഭൂതപൂർവമായ വർധനവ് കാരണം എല്ലാ ഡിവിഷനുകളും ബസുകളുടെ ക്ഷാമം നേരിടുന്നുണ്ട്. അധിക യാത്രകൾക്കായുള്ള ദൈനംദിന ആവശ്യം നിറവേറ്റാൻ ഗതാഗത അധികൃതർ ബുദ്ധിമുട്ടുന്നു. സ്ഥലം നൽകുന്നതിൽ ജില്ലാ ഭരണകൂടങ്ങളും തദ്ദേശ പ്രതിനിധികളും സഹകരിച്ചാൽ 'ഒരു ഗ്രാമത്തിന് ഒരു ബസ്' എന്ന സ്വപ്നം ഉടൻ യാഥാർഥ്യമാകും.
കേന്ദ്ര ‘പി.എം ഇ-ബസ്’ പദ്ധതി നഗരപരിധികളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതേസമയം, സംസ്ഥാനത്തെ കെ.ഇ.ബി.പി ഗ്രാമീണ സർവീസ് ലക്ഷ്യമിടുന്നു. കേന്ദ്ര പദ്ധതിക്കായുള്ള ചാർജിങ് സ്റ്റേഷൻ നിർമാണം തുമകുരു, ദാവണഗരെ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ഇതിനകം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.