പ്രതീകാത്മക ചിത്രം
ബംഗളൂരു: വ്യക്തികളുടെ ആധാർ വിവരങ്ങൾ കൈമാറണമെന്ന് ഉത്തരവിടാൻ, 2016 ലെ ആധാർ നിയമം സെക്ഷൻ 33 പ്രകാരം ഹൈക്കോടതിക്കു മാത്രമേ കഴിയൂ എന്ന് കർണാടക ഹൈക്കോടതി. ഹുബ്ബള്ളി സ്വദേശിയുടെ ഹരജിയിലാണ് കോടതി ഉത്തരവ്.
കാണാതായ മകന്റെ ആധാർ വിവരങ്ങൾ തേടി നൽകിയ അപേക്ഷ ആധാർ അതോറിറ്റി (യു.ഐ.ഡി.എ.ഐ) നിരസിച്ചതിനെതുടർന്നാണ് ഹുബ്ബള്ളി സ്വദേശി ഹൈകോടതിയെ സമീപിച്ചത്. മകനെ 2019ലാണ് കാണാതായത്. ഗോകുൽ റോഡ് പൊലീസ് സ്റ്റേഷനിൽ ഇതു സംബന്ധിച്ച കേസുണ്ട്.
2023ൽ മകൻ ആധാർ വിവരങ്ങൾ ഉപയോഗിച്ച് ചില ഇടപാടുകൾ നടത്തിയതായി കണ്ടെത്തി. ഇതിന്റെ വിവരങ്ങളാണ് കേസന്വേഷണത്തിനായി തേടിയത്. പൊലീസ് അടക്കം ഏതെങ്കിലും അന്വേഷണ ഏജൻസികൾക്ക് ആധാർ വിവരങ്ങൾ ആവശ്യമെങ്കിൽ ഹൈക്കോടതിയിൽ അപേക്ഷ നൽകണം.
കോടതി അപേക്ഷ ആധാർ അതോറിറ്റിക്ക് കൈമാറും. അപേക്ഷയിലെ കാര്യങ്ങൾ കോടതിയും പരിശോധിച്ചശേഷം വിവരങ്ങൾ നൽകാൻ അനുവദിക്കുമെന്നും ഹൈകോടതി ജഡ്ജി ജസ്റ്റിസ് സുരാജ് ഗോവിന്ദരാജ് അറിയിച്ചു. ഈ കേസിൽ പരാതി നൽകിയ കാലയളവു മുതൽ ആധാർ ഉപേയാഗിച്ച സ്ഥലം, സമയം എന്നീ വിവരങ്ങൾ മാത്രം നൽകാനും കോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.