ബംഗളൂരു: ഓപറേഷൻ സിന്ദൂറിനെത്തുടർന്ന് സുരക്ഷാ ആശങ്കകൾ വർധിച്ചതിനാൽ സംസ്ഥാനത്തെ അണക്കെട്ടുകളും ജലസംഭരണികളും സന്ദർശിക്കുന്നതിൽനിന്ന് വിനോദസഞ്ചാരികളെ വിലക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ പറഞ്ഞു. സാങ്കേതിക വിദഗ്ധരെയും എൻജിനീയർമാരെയും മാത്രമേ പ്രവേശിപ്പിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി. ജലസംഭരണികൾക്ക് സമീപം വിനോദസഞ്ചാരികളെ അനുവദിക്കരുതെന്ന് എല്ലാ അണക്കെട്ട് അധികാരികൾക്കും പൊലീസിനും സുരക്ഷാ ജീവനക്കാർക്കും വ്യക്തമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
സാങ്കേതിക വിദഗ്ധരെയും എൻജിനീയർമാരെയും മാത്രമേ അനുവദിക്കൂ എന്ന് ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.നിലവിലെ സാഹചര്യം കണക്കിലെടുത്ത് കൂടുതൽ ജാഗ്രത പാലിക്കേണ്ടത് ആവശ്യമായതിനാൽ ഡാം ജീവനക്കാരോടും പൊതുജനങ്ങളോടും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
ബംഗളൂരുവിന്റെ ചുമതലയുള്ള മന്ത്രിയെന്ന നിലയിൽ കർണാടക തലസ്ഥാനത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ശിവകുമാർ കൂട്ടിച്ചേർത്തു.അതേസമയം പവർ സ്റ്റേഷനുകളിലും റിസർവോയറുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് കർണാടക പവർ കോർപറേഷൻ ലിമിറ്റഡ് (കെ.പി.സി.എൽ) അറിയിച്ചു.
ഓപറേഷൻ സിന്ദൂറിനും പാകിസ്താനുമായുള്ള അതിർത്തിയിലെ സംഘർഷങ്ങൾക്കും മുൻകരുതലായി കെ.പി.സി.എല്ലിന്റെ അധികാരപരിധിയിലുള്ള ജലസംഭരണികളിലും പവർ സ്റ്റേഷനുകളിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ടെന്ന് കോർപറേഷൻ പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാന പൊലീസുമായി ഏകോപിപ്പിച്ച് കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ്ട് സമഗ്രമായ സുരക്ഷനടപടികൾ നിർബന്ധമാക്കിയിട്ടുണ്ട്.
സുരക്ഷാ കാര്യങ്ങളിൽ വീഴ്ച സംഭവിച്ചാൽ ഉദ്യോഗസ്ഥർ ഉത്തരവാദികളായിരിക്കുമെന്ന് നിർദേശത്തിൽ മുന്നറിയിപ്പ് നൽകി. കെ.പി.സി.എൽ ജലവൈദ്യുതി ഉൽപാദനത്തെ പിന്തുണക്കുന്ന നിരവധി റിസർവോയറുകളുള്ള ജല, താപ, കാറ്റ്, സൗരോർജ, വാതക, മാലിന്യ-ഊർജ സ്രോതസ്സുകൾ ഉപയോഗിച്ചുള്ള വൈദ്യുതി ഉൽപാദന യൂനിറ്റുകൾ പ്രവർത്തിപ്പിക്കുന്നു. എല്ലാ വൈദ്യുതി നിലയങ്ങൾക്കും ജലസംഭരണികൾക്കും ശക്തമായതും മതിയായതുമായ സുരക്ഷ ഒരുക്കണം- നിർദേശത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.