ദാനപ്പ 

ആർ.എസ്.എസ് നിരോധനം: മന്ത്രി പ്രിയങ്ക് ഖാർഗെയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

ബംഗളൂരു: ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെക്കെതിരെ വധഭീഷണി മുഴക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര പൊലീസുമായി ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് പ്രതിയായ ദാനപ്പ നരോണിനെ മഹാരാഷ്ട്രയിൽ നിന്ന് ബംഗളൂരു പൊലീസ് പിടികൂടിയത്.

സർക്കാർ സ്കൂളുകളിലും പൊതുസ്ഥലങ്ങളിലും ആർ‌.എസ്‌.എസ് പ്രവർത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തെഴുതിയിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർ‌.എസ്‌.എസ്) പ്രവർത്തനങ്ങൾ "ഭരണഘടനയുടെ ആത്മാവിന് വിരുദ്ധമാണ്" എന്ന് ഖാർഗെ കത്തിൽ വാദിച്ചിരുന്നു. കത്ത് പരസ്യമായതിന് തൊട്ടുപിന്നാലെയാണ് മന്ത്രിക്ക് ഫോണിൽ വധഭീഷണി എത്തിയത്. വിളിച്ചയാൾ ഖാർഗെയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ഖാർഗെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബംഗളൂരു സദാശിവനഗർ പൊലീസ് കേസെടുത്തു. പ്രതി മഹാരാഷ്ട്രയിൽ ഒളിവിൽ പോയതായി കണ്ടെത്തിയതിനെത്തുടർന്ന് സെൻട്രൽ ഡിവിഷനിൽ നിന്നുള്ള പൊലീസ് സംഘം അയാളെ പിടികൂടാൻ അയൽ സംസ്ഥാനത്തേക്ക് പോയി. ബംഗളൂരു സിറ്റി പൊലീസും മഹാരാഷ്ട്ര ലോക്കൽ പൊലീസും കലബുറുഗി പൊലീസിന്റെ സഹായത്തോടെ നടത്തിയ സംയുക്ത നീക്കത്തിലാണ് പ്രതിയെ വലയിലാക്കിയത്. മഹാരാഷ്ട്രയിലെ ബന്ധപ്പെട്ട കോടതിയിൽ നിന്ന് അനുമതി നേടിയ ശേഷം പ്രതിയെ ബംഗളൂരുവിലേക്ക് കൊണ്ടുവരുമെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - RSS ban: Youth arrested for threatening to kill Minister Priyank Kharge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.