ബംഗളൂരു: കർണാടകയിലെ കർഷക ആത്മഹത്യകളുടെ എണ്ണത്തിൽ കഴിഞ്ഞ രണ്ട് വർഷങ്ങളെ അപേക്ഷിച്ച് ഈ സാമ്പത്തിക വർഷം കുറവുണ്ടായതായി റിപ്പോർട്ടുകൾ. 2025-26 സാമ്പത്തിക വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിൽ (2025 ഡിസംബർ 31 വരെ) 414 കർഷക ആത്മഹത്യകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 2023-24 വർഷം 1,254 ആത്മഹത്യ കേസുകളും 2024-25 വർഷം 1,178 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. അടുത്തിടെ നടന്ന ലെജിസ്ലേറ്റിവ് കൗൺസിൽ സമ്മേളനത്തിൽ ഹനുമന്തപ്പ ആർ. നിരാനിയുടെ ചോദ്യത്തിന് മറുപടിയായി കഴിഞ്ഞ രണ്ട് വർഷവും ഒമ്പത് മാസവുമായി സംസ്ഥാനത്ത് ആകെ 2,846 കർഷക ആത്മഹത്യകൾ നടന്നതായി വെളിപ്പെടുത്തിയതായി കൃഷിമന്ത്രി എൻ. ചലുവരായസ്വാമി പറഞ്ഞു.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത് താരതമ്യേന കുറവാണ്. ആത്മഹത്യനിരക്കില്‍ കുറവ് രേഖപ്പെടുത്തിയതായി കർണാടക രാജ്യ റൈത്ത സംഘം പ്രസിഡന്റ് ബഡഗലപുര നാഗേന്ദ്രയും സ്ഥിരീകരിച്ചു. വർധിച്ചുവരുന്ന ബോധവത്കരണവും സർക്കാറിന്റെ ഗ്യാരണ്ടി പദ്ധതികളുമാണ് ആത്മഹത്യ നിരക്ക് കുറയാന്‍ പ്രധാന കാരണം. കൂടാതെ ഗൃഹലക്ഷ്മി പദ്ധതിയിലൂടെ പ്രതിവര്‍ഷം 24,000 രൂപ സ്ത്രീകള്‍ക്ക് ലഭിക്കുന്നു. കര്‍ഷക കുടുംബങ്ങളാണ് ഗൃഹലക്ഷ്മി പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍.
പദ്ധതി മുഖേന കുടുംബനാഥകളായ സ്ത്രീകൾക്ക് പ്രതിമാസം 2,000 രൂപ വീതം ലഭിക്കും. ഇത് കുടുംബത്തിന്റെ സാമ്പത്തികഭാരം കുറക്കാൻ സഹായിച്ചു. കൂടാതെ സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്രയും കര്‍ഷക കുടുംബങ്ങള്‍ക്ക് ആശ്വാസകരമാണ്. രണ്ടുവർഷമായി ലഭിച്ച മികച്ച മൺസൂൺ മഴയും കാർഷികമേഖലക്ക് ഉണര്‍വ് നല്കി. ഏറ്റവും കൂടുതൽ ആത്മഹത്യ കേസുകൾ റിപ്പോർട്ട് ചെയ്തത് മൈസൂരുവിലാണ് -41 മരണം.
കലബുറഗി 40 മരണം, ബെലഗാവി -36 മരണം എന്നിങ്ങനെയാണ് കണക്കുകള്‍. താങ്ങുവിലക്ക് (എം.എസ്.പി ) നിയമപരമായ ഗ്യാരണ്ടി നൽകുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടണമെന്ന് സംയുക്ത കിസാൻ മോർച്ച (എസ്.കെ.എം) ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.