അറസ്റ്റിലായവർ
മംഗളൂരു: മഹാരാഷ്ട്രയിൽനിന്ന് പയ്യന്നൂരിലേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന ആഭരണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി മംഗളൂരു സിറ്റി പൊലീസ് കമീഷണർ സുധീർ കുമാർ റെഡ്ഡി പറഞ്ഞു. തലശ്ശേരി സ്വദേശി ആർ.കെ.നിമിൽ (37), കുറ്റകൃത്യത്തിന് ശേഷം പ്രതികൾക്ക് അഭയം നൽകിയ കുടക് ജില്ലയിലെ അക്കത്തൂർ സ്വദേശി ഇർഷാദ് (40), കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം നൽകിയതായി ആരോപിക്കപ്പെടുന്ന മടിക്കേരി സ്വദേശി മുസ്തഫ (49) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം 29 നാണ് സംഭവം നടന്നത്. പ്രതികൾ ഇരയുടെ കാർ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയി വാഹനവും സ്വർണാഭരണങ്ങളുമായി രക്ഷപ്പെടുകയായിരുന്നു. കവർച്ചയിൽ ഉൾപ്പെട്ടതായി കരുതപ്പെടുന്ന നാല് വാഹനങ്ങളിൽനിന്ന് കുറ്റകൃത്യത്തിന് ഉപയോഗിച്ച ഇന്നോവ ക്രിസ്റ്റ പനമ്പൂർ പൊലീസ് പിടിച്ചെടുത്തു. കവർച്ചയിൽ നേരിട്ട് പങ്കെടുത്ത 14 പേരും പ്രതികളെ സഹായിച്ച മറ്റ് രണ്ട് പേരും ഉൾപ്പെട്ടിട്ടുണ്ടെന്ന് കമീഷണർ പറഞ്ഞു. പ്രതികളെല്ലാം കേരളത്തിലും കുടക് ജില്ലയിലും നിന്നുള്ളവരാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. അറസ്റ്റിലായ മൂന്ന് പേരെയും കോടതിയിൽ ഹാജരാക്കി. ശേഷിക്കുന്ന പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
കണ്ണൂർ ജില്ലയിലെ ചാല മേഖലയിൽനിന്നാണ് നിമിലിനെ അറസ്റ്റ് ചെയ്തത്. മടിക്കേരിക്ക് സമീപമുള്ള മൂർനാട് ജംഗ്ഷനിലെ ലയൺസ് ക്ലബ്ബിന് സമീപത്തുനിന്ന് മുസ്തഫയെ കസ്റ്റഡിയിലെടുത്തു. ബാക്കിയുള്ള പ്രതികളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. പയ്യന്നൂരിൽ ജ്വല്ലറി നടത്തുന്ന വികാസ് സുബ്ബുറാവു ധനവാഡെ മഹാരാഷ്ട്രയിൽ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത ശേഷം ഭാര്യയോടും മകനോടും ഒപ്പം മടങ്ങുമ്പോൾ സൂരത്ക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബൈക്കംപടിയിലെ ദ്വാര ഹോട്ടലിന് സമീപം ദേശീയപാത 66 ൽ മുഖംമൂടി ധരിച്ച ഏഴ് മുതൽ എട്ട് വരെ പേരടങ്ങുന്ന ഒരു സംഘം അവരുടെ കാർ തടഞ്ഞു. അക്രമികൾ കുടുംബത്തെ വാഹനത്തിൽ നിന്ന് ബലമായി ഇറക്കിവിട്ട ശേഷം കാറും 180 ഗ്രാം ആഭരണങ്ങളുമായി കടന്നുകളഞ്ഞു. ധനവാഡെയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, പനമ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കമീഷണർ സുധീർ കുമാർ റെഡ്ഡിയുടെ മേൽനോട്ടത്തിൽ മൂന്ന് പ്രത്യേക സംഘങ്ങൾ രൂപവത്കരിക്കുകയും ചെയ്തു. അന്വേഷണത്തിനിടെ മോഷ്ടിച്ച കാർ ബണ്ട്വാളിൽ നിന്ന് പൊലീസ് കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.