ബംഗളൂരു: 2023-24 മുതൽ ബംഗളൂരുവിൽ 19,268 മരങ്ങൾ മുറിച്ചു മാറ്റി. ഇതിൽ 7,683 എണ്ണം അടിസ്ഥാന സൗകര്യ പദ്ധതികൾക്കുവേണ്ടി മുറിച്ചു മാറ്റിയതാണെന്ന് ഗ്രേറ്റർ ബംഗളൂരു അതോറിറ്റിയുടെ (ജി.ബി.എ) കണക്കുകൾ വ്യക്തമാക്കുന്നു.
പുതിയ മെട്രോ ലൈനുകളുടെ നിർമാണം, റോഡ് വീതി കൂട്ടൽ, ഫ്ലൈ ഓവറുകളുടെ നിർമാണം തുടങ്ങി വിവിധ വികസന പദ്ധതികൾക്കായാണ് മരം മുറിച്ചു മാറ്റിയത്.
സ്വകാര്യ സ്ഥലങ്ങളിലെ നിർമാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്ക്കുന്ന 2,468 മരങ്ങളും റിയല്‍ എസ്റ്റേറ്റിനായി 7,902 മരങ്ങളും മുറിച്ചുമാറ്റി. 2025-26 വര്‍ഷത്തില്‍ മഴക്കാലത്ത് അപകട സാധ്യത കണക്കിലെടുത്ത് അധികാരികൾ സ്വമേധയാ 1,215 മരങ്ങൾ മുറിച്ചുമാറ്റി.
2023 മാർച്ച് മുതൽ 2026 ജൂൺ വരെ ബംഗളൂരുവിൽ ആകെ 19,268 മരങ്ങൾ മുറിച്ചു. 1,092 മരങ്ങൾ കൂടി മുറിക്കാൻ അനുമതി നൽകിയിട്ടുണ്ട്.
മരങ്ങൾ പരമാവധി നില നിര്‍ത്താന്‍ ശ്രമിക്കുമെന്നും വളരെ ജാഗ്രതയോടെയാണ് മരം മുറിക്കുന്നതിന് അനുമതി നൽകുന്നതെന്നും നഗരത്തിന്റെ പച്ചപ്പ് നഷ്ടപ്പെടാതിരിക്കാൻ ജി.ബി.എ എല്ലാ വർഷവും ഒരു ലക്ഷത്തോളം തൈകൾ നടുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ മാസം ബംഗളൂരുവിലെ നഗരസഭാ അധികാരികൾ ഒരു ദിവസം കൊണ്ട് നഗരത്തിലുടനീളം 15 ലക്ഷം തൈകൾ നട്ടുപിടിപ്പിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.