ബംഗളൂരു: കർണാടകയിൽ മേയ് 28 വരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഗോവ- കൊങ്കൺ തീരത്ത് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റുമൂലമുള്ള ന്യൂനമർദം കാരണം തീരമേഖലയിൽ കനത്ത മഴ വരുംദിവസങ്ങളിൽ പ്രതീക്ഷിക്കുന്നുണ്ട്.
മേയ് 27 വരെ ദക്ഷിണ കന്നട, ഉഡുപ്പി, ഉത്തര കന്നട, ശിവമൊഗ്ഗ, ചിക്കമഗളൂരു, കുടക് എന്നീ ആറു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തീര-മലനാട് മേഖലയിൽ കനത്ത മഴക്കും വെള്ളക്കെട്ടിനും സാധ്യതയുണ്ട്. ഗോവ- കൊങ്കൺ തീരങ്ങളിലും കിഴക്കൻ- മധ്യ അറബിക്കടലിലും മണിക്കൂറിൽ 65 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
വടക്കൻ കർണാടകയിലെ ബെളഗാവി, ധാർവാഡ്, ഹാവേരി എന്നീ ജില്ലകളിലും മധ്യകർണാടകയിലെ ഹാസനിലും തെക്കൻ കർണാടകയിലെ ചാമരാജ് നഗറിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബംഗളൂരു നഗരമടക്കം ബാക്കി എല്ലാ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കൊപ്പം ഇടിയും മിന്നലും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ബംഗളൂരുവിൽ സാധാരണ നിലയിൽ മഴ തുടരും. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.