ബംഗളുരു: ബംഗളൂരു യെലഹങ്ക ഫാകീർ കോളനിയിൽ നൂറുകണക്കിന് കുടുംബങ്ങളെ പുലർകാലത്ത് ഭവനരഹിതരാക്കിയ ബുൾഡോസർ രാജ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തി മുസ് ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. പതിറ്റാണ്ടുകളായി അവിടെ താമസിക്കുന്നവരെ ഒരു ദിവസം രാവിലെ തെരുവിലേക്കേറിയുന്നത് ഒരു നിലക്കും ന്യായീകരിക്കാനാവില്ലെന്നും യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി.
സുപ്രീംകോടതി മുന്നോട്ട് വച്ച നിർദേശങ്ങളെ കാറ്റിൽ പറത്തി കൊണ്ട് നടത്തിയ കൂട്ട കുടിയൊഴിപ്പിക്കൽ കർണാടക സർക്കാറിന്‍റെ ചരിത്രത്തിലെ കറുത്ത പാടായി അവശേഷിക്കും. വികസനത്തിന്റെ പേരിൽ നടക്കുന്ന ഈ ക്രൂരമായ കുടിയൊഴിപ്പിക്കൽ ഒരു നിലക്കും ന്യായീകരിക്കാനാവില്ല. ബുൾഡോസർ നടപടിക്ക് ഇരകളായവർക്ക് വേണ്ടി അടിയന്തരമായി പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്ന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു.
താൽകാലിക താമസസൗകര്യം സർക്കാർ ചെലവിൽ ഒരുക്കണം. സ്ഥിരമായി ഇവരെ പുനരധിവസിപ്പിക്കാൻ പദ്ധതി തയാറാക്കണം. മാന്യമായ നഷ്ടപരിഹാരവും ഇവർക്ക് ഉറപ്പാക്കണമെന്നും ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത വേണമെന്നും യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ടി.പി. അഷ്റഫലി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.