പത്രത്തില്‍ പ്രസിദ്ധീകരിച്ച ഉറുദു പരസ്യങ്ങള്‍
ബംഗളൂരു: ആരോഗ്യവകുപ്പിന്റെ കുസുമ സഞ്ജീവനി പദ്ധതിയുമായി ബന്ധപ്പെട്ട് ഉറുദു ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ഉറുദു ഭാഷയിലുള്ള പരസ്യത്തെ ചൊല്ലി ഭരണകക്ഷിയായ കോൺഗ്രസും പ്രതിപക്ഷമായ ബി.ജെ.പിയും തമ്മില്‍ വാക് പോര്. ഹീമോഫീലിയ രോഗികൾക്ക് പ്രതിരോധ ചികിത്സയും സൗജന്യ ആംബുലൻസ് സേവനങ്ങളും ലഭ്യമാക്കുന്ന കുസുമ സഞ്ജീവിനി പരിപാടിക്ക് കർണാടക സർക്കാർ തുടക്കം കുറിച്ചതുമായി ബന്ധപ്പെട്ട് കർണാടകയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന വിവിധ പ്രസിദ്ധീകരണങ്ങളിൽ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.
ഉറുദു ദിനപത്രങ്ങളിലെ ഉറുദു ഭാഷയിൽ പരസ്യം കൊടുത്തതിനെതിരെ ബി.ജെ.പി രംഗത്തുവന്നതാണ് വിവാദത്തിന് തിരികൊളുത്തിയത്. കന്നഡ ഭാഷയോടുള്ള അവഗണനയാണിതെന്ന് ബി.ജെ.പി ആരോപണമുന്നയിച്ചു. പ്രീണന രാഷ്ട്രീയത്തിനായി സര്‍ക്കാര്‍ കന്നഡയെ അവഗണിക്കുകയാണ്. പ്രതിരോധ ചികിത്സയും ആംബുലൻസ് സേവനങ്ങളും ആരംഭിക്കുന്നതിനുള്ള ക്ഷണക്കത്ത് പൂർണമായി ഉർദുവിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് ബി.ജെ.പി സാമൂഹിക മാധ്യമമായ എക്സില്‍ കുറിച്ചു. ഉറുദു വായനക്കാരിലേക്ക് സന്ദേശം എത്താൻ വേണ്ടിയാണ് പത്രത്തില്‍ പരസ്യം ഉറുദുവില്‍ നല്‍കിയതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവുവും മറുപടി നല്കി.
മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ കർണാടകയുടെ ഭരണഭാഷ കന്നഡയാണോ അതോ ഉറുദുവാണോ എന്ന് വ്യക്തമാക്കണമെന്ന് ബി.ജെ.പി എക്സ് പോസ്റ്റിൽ പറഞ്ഞു.. വീട്ടിൽ ഉറുദു സംസാരിക്കുന്നുവെന്നത് കൊണ്ട് സര്‍ക്കാറിന്റെ ഔദ്യോഗിക ക്ഷണക്കത്ത് ഉറുദുവിൽ പ്രസിദ്ധീകരിക്കാന്‍ നിങ്ങൾക്ക് ആരാണ് അധികാരം നൽകിയതെന്നും ബി.ജെ.പി ചോദിക്കുന്നു.
ബി.ജെ.പി അധികാരത്തിലിരുന്നപ്പോൾ അവർ ഒന്നും ചെയ്തില്ലെന്നും പ്രതിപക്ഷത്തിരിക്കുമ്പോൾ പ്രതിഷേധിക്കുന്നത് അവരുടെ ശീലമായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പരസ്യങ്ങൾ നൽകുമ്പോൾ അത് ഉറുദു പത്രങ്ങൾക്കും നൽകേണ്ടതല്ലേ എന്ന് സിദ്ധരാമയ്യ ചോദിച്ചു. ഔദ്യോഗിക ക്ഷണവും പത്രപരസ്യവും തമ്മിൽ വേർതിരിച്ചറിയാൻ ബി.ജെ.പി നേതാക്കൾക്ക് സാധിക്കുന്നില്ലേ? അതോ എന്ത് വില കൊടുത്തും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ അവർ ദൃഢനിശ്ചയം ചെയ്തിരിക്കുകയാണോ എന്നും സിദ്ധരാമയ്യ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
ഉറുദുവിൽ ഔദ്യോഗിക ക്ഷണക്കത്ത് മാധ്യമങ്ങള്‍ക്ക് നൽകിയിട്ടില്ല. സർക്കാർ തങ്ങളുടെ പരിപാടികളെയും പദ്ധതികളെയും കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ മാത്രമാണ് പരസ്യങ്ങൾ നൽകുന്നത്. ഒരു പ്രത്യേക പത്രത്തിന്റെ വായനക്കാര്‍ക്ക് വിവരങ്ങൾ അറിയാന്‍ പത്രത്തിന്റെ ഭാഷയിൽ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഭരണരീതിയാണ്. ബി.ജെ.പി കർണാടക നേതാക്കൾ ഒരു തവണയല്ല, പലതവണ ഉറുദു പരസ്യങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ബി.എസ്. യെഡിയൂരപ്പയും ബസവരാജ് ബൊമ്മൈയും അധികാരത്തിലിരുന്നപ്പോൾ ഉറുദു പത്രങ്ങളിൽ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അന്ന് അതിനെ ആരും പ്രീണനം എന്ന് വിളിച്ചിരുന്നില്ല. അന്ന് ഉറുദുവിൽ പരസ്യങ്ങൾ നൽകിയിരുന്ന എല്ലാ ബി.ജെ.പി നേതാക്കളും ദേശവിരുദ്ധരായിരുന്നുവെന്നാണോ അർഥമെന്നും അദ്ദേഹം ചോദിച്ചു.
കന്നഡയുടെയും കന്നഡിഗരുടെയും താൽപര്യങ്ങൾ അപകടത്തിലാകുമ്പോഴെല്ലാം രാഷ്ട്രീയം മാറ്റിവെച്ച് മുൻനിരയിൽ നിന്നിട്ടുണ്ട് എന്നതിന് ചരിത്രം സാക്ഷിയാണ്. കന്നഡ കാവലു സമിതിയുടെ പ്രസിഡന്റായി പൊതുജീവിതത്തിലേക്ക് പ്രവേശിച്ച തനിക്ക് കന്നഡ വെറുമൊരു ഭാഷയല്ല അത് ജീവിതം തന്നെയാണ്. മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.