മംഗളൂരു: ബജ്‌പെയിൽ വി.എച്ച്.പി -ബജ്‌റംഗ്ദൾ പ്രവർത്തകൻ സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതിനെത്തുടർന്ന് ദക്ഷിണ കന്നട ജില്ലയിൽ ഡെപ്യൂട്ടി കമീഷണർ എം.പി മുല്ലൈ മുഹിലൻ നിരോധാജ്ഞ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാവിലെ ആറിന് പ്രാബല്യത്തിൽ വന്ന നിരോധം തിങ്കളാഴ്ച രാവിലെ ആറ് വരെ തുടരും.
മംഗളൂരു പൊലീസ് കമ്മീഷണറേറ്റ് പരിധിയിൽ പൊലീസ് കമ്മീഷണർ അനുപം അഗർവാൾ വെള്ളിയാഴ്ച രാവിലെ ആറ് മുതൽ ചൊവ്വാഴ്ച രാവിലെ ആറ് വരേയും നിരോധനാജ്ഞ പുറപ്പെടുവിച്ചു.
അതേസമയം, കൊലപാതകത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച രാവിലെ ആറ് മുതൽ വൈകിട്ട് ആറു വരെ മംഗളൂരു ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും സുരക്ഷാ ക്രമീകരണങ്ങൾ മേൽനോട്ടം വഹിക്കുന്നതിനുമായി എ.ഡി.ജി.പി ആർ. ഹിതേന്ദ്ര മംഗളൂരുവിലെത്തി. പ്രശ്ന സാധ്യത മേഖലകളിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ നഗരത്തിൽ രണ്ടു സ്വകാര്യ ബസുകൾക്ക് നേരെ അക്രമികൾ കല്ലെറിഞ്ഞു. കോഹിനൂർ, മേഴ്സി എന്നീ പേരുകളിലുള്ള ബസുകളുടെ ചില്ലുകൾക്ക് കല്ലേറിൽ കേടുപാടുകൾ സംഭവിച്ചു. മംഗളൂരു യൂനിവേഴ്സിറ്റി കോളജിന് സമീപം ബസ് ഓടിക്കൊണ്ടിരിക്കുമ്പോഴാണ് അക്രമം. രാവിലെ യാത്രക്കാർ തീരെ കുറവായതിനാൽ ആളപായമില്ല. കല്ലേറിനെത്തുടർന്ന് മുൻകരുതൽ നടപടിയായി നഗരത്തിലെ സ്വകാര്യ ബസ് സർവീസുകൾ നിർത്തിവച്ചു.
മൂന്ന് വർഷം മുമ്പ് നടന്ന സുറത്കൽ ഫാസിൽ കൊലക്കേസിലെ ഒന്നാം പ്രതിയായ ബജ്രംഗ്ദൾ നേതാവ് സുഹാസ് ഷെട്ടിയെയാണ് അജ്ഞാത സംഘം വെട്ടിക്കൊന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.