ബംഗളൂരു: നമ്മ മെട്രോ മൂന്നാം ഘട്ടത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. തെക്കുകിഴക്കൻ ഭാഗത്തുള്ള സർജാപുർ മുതൽ വടക്ക് ഹെബ്ബാൾ വരെ നഗരമധ്യത്തിലൂടെ കടന്നുപോകുന്ന ഭൂഗർഭ, ഉയർന്ന പാതകളുടെ സംയോജനമാണ് ഈ ഘട്ടത്തിൽ ഉൾപ്പെടുക.
നാല് പാക്കേജുകളിൽ ജിയോ ടെക്നിക്കൽ അന്വേഷണങ്ങൾക്കായി ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) 6.86 കോടി രൂപയുടെ ടെൻഡർ നൽകി. ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ മൂന്നാണ്. കരാർ നൽകിയാൽ, കരാറുകാർക്ക് അന്വേഷണം പൂർത്തിയാക്കാൻ 150 ദിവസം ലഭിക്കും.
ഫേസ് മൂന്ന് എ ഇപ്പോഴും കേന്ദ്ര സർക്കാറിന്റെ ഔദ്യോഗിക അംഗീകാരത്തിനായി കാത്തിരിക്കുകയാണെങ്കിലും പ്രാഥമിക പ്രവർത്തനം തുടരുന്നതിന് 2024 ഡിസംബറിൽ സംസ്ഥാന സർക്കാറിൽനിന്ന് ബി.എം.ആർ.സി.എൽ അനുമതി നേടിയിരുന്നു. മണ്ണ് പരിശോധന ഉൾപ്പെടെ അടിസ്ഥാന ജോലികൾ ചെയ്യാൻ ഈ അംഗീകാരം മതിയാകുമെന്ന് മുതിർന്ന ബി.എം.ആർ.സി.എൽ ഉദ്യോഗസ്ഥൻ പറഞ്ഞു.
2031ൽ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടുള്ള ഘട്ടം മൂന്ന് ‘എ’യിൽ കോറമംഗല രണ്ടാം ബ്ലോക്കിൽ നിന്ന് സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ട് വഴിയുള്ള ഭൂഗർഭ പാത ഉൾപ്പെടും. സർജാപൂർ മുതൽ ഇബ്ലൂർ വരെ (14 കിലോമീറ്റർ), അഗാര മുതൽ കോറമംഗല മൂന്നാം ബ്ലോക്ക് വരെ (2.45 കിലോമീറ്റർ) ഭൂഗർഭ ഭാഗങ്ങളിൽ ഡബ്ൾ-ഡെക്ക് വയഡക്റ്റ് (മെട്രോ-കം-റോഡ്) ഇതിൽ പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.