ബംഗളൂരു: മൈസൂരുവിൽ രാത്രി മാതാവിനൊപ്പം ടെന്റിൽ ഉറങ്ങിയ പത്തുവയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കൊല്ലഗൽ സ്വദേശി കാർത്തിക്ക് അറസ്റ്റിൽ. കസ്റ്റഡിയിലെടുത്ത പ്രതി പൊലീസുകാരെ ആക്രമിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിച്ചതോടെ കാലിൽ വെടിവെച്ച് പിടികൂടുകയായിരുന്നു. സ്വകാര്യ ബസിലെ ക്ലീനറായ ഇയാൾ നേരത്തേ മറ്റൊരു ബലാത്സംഗക്കേസിൽ നാലുവർഷം ജയിലിലായിരുന്നു. മൂന്നുമാസം മുമ്പാണ് പുറത്തിറങ്ങിയതെന്ന് സിറ്റി പൊലീസ് കമീഷണർ ലത് ഭട്കർ പറഞ്ഞു.
രണ്ടു പൊലീസുകാർക്ക് പരിക്കുണ്ട്. മുന്നറിയിപ്പായി ആകാശത്തേക്ക് വെടിവെച്ചിട്ടും രക്ഷപ്പെടാൻ ശ്രമിച്ചതോടെ കാലിൽ വെടിവെച്ച് വീഴ്ത്തുകയായിരുന്നു എന്ന് കമീഷണർ വ്യക്തമാക്കി. സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നാണ് തിരിച്ചറിഞ്ഞത്. കലബുറഗി സ്വദേശിനിയായ പെൺകുട്ടി 20 ദിവസം മുമ്പാണ് മാതാപിതാക്കൾക്കൊപ്പം ബലൂൺ വിൽപനക്ക് മൈസൂരെത്തിയത്. ദൊഡ്ഡക്കെരെ മൈതാനത്ത് താൽക്കാലിക ടെന്റിലാണ് താമസിച്ചിരുന്നത്.
ബുധനാഴ്ച രാത്രി ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ തെപ്പോത്സവത്തിന് പെൺകുട്ടി മാതാപിതാക്കളോടൊപ്പം പോയിരുന്നു. തിരിച്ചെത്തി അമ്മക്കരികിൽ ടെന്റിൽ ഉറങ്ങി. പിറ്റേന്ന് രാവിലെ കാണാതാവുകയായിരുന്നു. കുടുംബം നടത്തിയ തിരച്ചിലിലാണ് 50 മീറ്റർ അകലെ ചളിക്കൂനക്കരികിൽ മൃതദേഹം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.