ബംഗളൂരു: ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണം (പോക്സോ) നിയമപ്രകാരമുള്ള കേസിൽ മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പയെ ചോദ്യം ചെയ്യാൻ പ്രത്യേക കോടതിയുടെ സമൻസ് ഉത്തരവ് കർണാടക ഹൈകോടതി സ്റ്റേ ചെയ്തു. ശനിയാഴ്ച യെദിയൂരപ്പയും മറ്റു മൂന്ന് പ്രതികളും നേരിട്ട് ഹാജരാകണമെന്ന് പ്രത്യേക കോടതി നേരത്തേ നിർദേശിച്ചിരുന്നു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് (സി.ഐ.ഡി) സമർപ്പിച്ച കുറ്റപത്രം കോടതി വീണ്ടും പരിഗണിച്ചതിന് ശേഷമാണ് സമൻസ് അയച്ചത്. നേരത്തേയുള്ള കോഗ്നിസൻസ് ഉത്തരവ് റദ്ദാക്കി പ്രത്യേക കോടതിയോട് പുതിയത് പാസാക്കാൻ നിർദേശിച്ച ഹൈകോടതിയുടെ സമീപകാല തീരുമാനത്തെ തുടർന്നാണിത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ബംഗളൂരുവിലെ വസതിയിൽ നടന്ന കൂടിക്കാഴ്ചക്കിടെ യെദിയൂരപ്പ തന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് 17കാരിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. 2024 മാർച്ച് 14ന് സദാശിവനഗർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. തുടർന്ന് കേസ് സി.ഐ.ഡിക്ക് കൈമാറി. പിന്നീട് അവർ എഫ്.ഐ.ആർ വീണ്ടും രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.