ഇന്ത്യയിലെ ആദ്യത്തെ ‘ക്വാണ്ടം സിറ്റി' പദ്ധതി അവതരിപ്പിച്ചു

ബംഗളൂരു: ആഗോള ക്വാണ്ടം സാങ്കേതിക മേഖലയിൽ സംസ്ഥാനത്തെ മുൻപന്തിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഹെസരഘട്ടയിൽ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന 'ഇന്ത്യയിലെ ആദ്യത്തെ ക്വാണ്ടം സിറ്റി' എന്ന പദ്ധതി മന്ത്രി എൻ.എസ്. ബോസ് രാജു അവതരിപ്പിച്ചു. 2025 അന്താരാഷ്ട്ര ക്വാണ്ടം സയൻസ് വർഷമായി ആചരിക്കുകയാണെന്ന് 28ാമത് ബംഗളൂരു ടെക് ഉച്ചകോടിക്കിടെ ക്വാണ്ടം ടെക്നോളജി വട്ടമേശ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

ഗവേഷണത്തിന് നേതൃത്വം നല്‍കുക മാത്രമല്ല ക്വാണ്ടം ഹാർഡ്‌വെയർ, ക്ലൗഡ് സേവനങ്ങൾ എന്നിവയെ ആഗോള വിപണികളിലേക്ക് കയറ്റുമതി ചെയ്യാനും കര്‍ണാടക തയാറെടുക്കുകയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയിലെ ഏറ്റവും ശക്തമായ ക്വാണ്ടം സിറ്റി നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ക്വാണ്ടം മിഷന്‍റെ കീഴില്‍ 1000 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ചു. ക്വാണ്ടം സിറ്റി ആയിരിക്കും ഇതിന്‍റെ ആസ്ഥാനം.

നഗരത്തിൽ നൂതന ഗവേഷണ കേന്ദ്രങ്ങള്‍, ക്വാണ്ടം ഹാർഡ്‌വെയർ പാർക്ക്, ക്രയോജനിക് ഗവേഷണ സൗകര്യങ്ങൾ, ക്വാണ്ടം ക്ലൗഡ് ക്ലസ്റ്ററുകൾ, ഒരു ഡീപ്-ടെക് സ്റ്റാർട്ടപ് സോൺ എന്നിവയുണ്ടായിരിക്കും. ഗവേഷണം, ഇൻകുബേഷൻ, ക്വാണ്ടം സാങ്കേതികവിദ്യകളുടെ വാണിജ്യവത്കരണം, എൻഡ്-ടു-എൻഡ് പ്ലഗ്-ആൻഡ്-പ്ലേ എന്നീ സേവനങ്ങൾ ക്വാണ്ടം സിറ്റിയില്‍ ലഭ്യമാക്കും.

ക്വാണ്ടം ചിപ്പ് നിർമാണത്തിന് 'ക്വാണ്ടം സുപ്രിമസി സെന്‍റര്‍' ബംഗളൂരുവില്‍ സ്ഥാപിക്കുന്നതിന് സംസ്ഥാന സർക്കാർ അടുത്തിടെ 1136 കോടി രൂപ അനുവദിച്ചിരുന്നു. സ്വിറ്റ്സർലൻഡിലേക്കുള്ള സമീപകാല സന്ദർശന വേളയിൽ നിരവധി അന്താരാഷ്ട്ര സംഘടനകൾ ക്വാണ്ടം സിറ്റി സംരംഭത്തിൽ സഹകരിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നെന്നും സ്വിസ്-കർണാടക ക്വാണ്ടം സഹകരണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Plan for India’s first Quantum City unveiled in Bengaluru Tech Summit 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.