ബംഗളൂരു: തടവുകാർക്ക് വി.ഐ.പി പരിഗണന തടയുന്നതിനും ജയിൽ ഭരണം കാര്യക്ഷമമാക്കുന്നതിനുമുള്ള പ്രധാന നീക്കത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള വിചാരണത്തടവുകാർക്കും സിവിൽ തടവുകാർക്കും സ്വകാര്യ സ്രോതസ്സുകളിൽനിന്ന് പാകം ചെയ്ത എല്ലാ ഭക്ഷണവും സംസ്ഥാന ജയിൽ, കറക്ഷനൽ സർവിസസ് വകുപ്പ് നിരോധിച്ചു. ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ജയിൽ) അലോക് കുമാർ പുതിയ നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചു. ഉന്നത തടവുകാർക്ക് പ്രത്യേക പരിഗണന നൽകുന്നതുമായി ബന്ധപ്പെട്ട സമീപകാല വിവാദങ്ങളുടെയും ഏകീകൃത മാർഗനിർദേശങ്ങളുടെ ആവശ്യകതയെക്കുറിച്ചുള്ള ഹൈകോടതി നിരീക്ഷണത്തിന്റെയും പശ്ചാത്തലത്തിലാണ് ഈ ഉത്തരവ്.
ജയിലുകളിൽ പ്രവേശന സമയത്തോ അഭിമുഖ സമയത്തോ പാകം ചെയ്ത ഭക്ഷണം കൊണ്ടുവരുന്നത് ഉത്തരവിൽ വ്യക്തമായി വിലക്കിയിട്ടുണ്ട്. ജയിൽ സുരക്ഷ, ജീവനക്കാരുടെ കുറവ്, ആരോഗ്യപ്രശ്നങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് വകുപ്പ് നിയന്ത്രണത്തെ ന്യായീകരിച്ചത്. ‘‘കർണാടക ജയിൽ നിയമങ്ങൾക്കനുസൃതമായി എല്ലാ തടവുകാർക്കും മതിയായ ഭക്ഷണം, വസ്ത്രം, കിടക്ക എന്നിവ ഇതിനകം നൽകുന്നുണ്ടെ’’ന്ന് ഉത്തരവിൽ പറയുന്നു. ബംഗളൂരു സെൻട്രൽ ജയിലിൽ വിളമ്പുന്ന ഭക്ഷണം ഇതിനകം എഫ്.എസ്.എസ്.എ.ഐ സാക്ഷ്യപ്പെടുത്തിയതാണെന്നും ‘ഫോർ-സ്റ്റാർ’ഗുണനിലവാര റേറ്റിങ് നിലനിർത്തുന്നുണ്ടെന്നും പോഷകാഹാര നിലവാരത്തെക്കുറിച്ചുള്ള പരാതികൾക്ക് ഇടമില്ലെന്നും പറഞ്ഞു.
പുതിയ മാനദണ്ഡങ്ങൾ പ്രകാരം, തടവുകാർക്ക് ആഴ്ചയിൽ ഒരു നിശ്ചിത േക്വാട്ട പാകം ചെയ്യാത്തതും പായ്ക്ക് ചെയ്തതുമായ വസ്തുക്കൾ മാത്രമേ അനുവദിക്കൂ.
പുതിയ പഴങ്ങൾ: രണ്ട് കിലോ വരെ (വാഴപ്പഴം, ആപ്പിൾ, മാമ്പഴം, പേരക്ക, ചിക്കൂസ്).
ഉണങ്ങിയ പഴങ്ങൾ: അര കിലോഗ്രാം വരെ (ബദാം, കശുവണ്ടി, വാൽനട്ട്, ഉണക്കമുന്തിരി).
ബേക്കറി/ലഘുഭക്ഷണങ്ങൾ: അര കിലോഗ്രാം വരെ (ബിസ്ക്കറ്റുകൾ, കുക്കികൾ, നാംകീനുകൾ, ചിപ്സ്).
തടവുകാർക്ക് പ്രവേശന സമയത്ത് ധരിക്കുന്ന വസ്ത്രങ്ങൾക്ക് പുറമേ രണ്ട് ജടേി മേൽവസ്ത്രങ്ങളും രണ്ട് ജോടി അടിവസ്ത്രങ്ങളും മാത്രമേ ധരിക്കാൻ അനുവാദമുള്ളൂ എന്നും വകുപ്പ് പരിമിതപ്പെടുത്തിയിട്ടുണ്ട്. പതിവ് പരിശോധനകളിൽ കണ്ടെത്തിയ അധിക വസ്ത്രങ്ങൾ കണ്ടുകെട്ടും.
വകുപ്പ് സാധാരണ കിടക്ക സൗകര്യം നൽകുമ്പോൾ, കർശന സുരക്ഷാ പരിശോധനക്കും സ്ഥല ലഭ്യതക്കും വിധേയമായി തടവുകാർക്ക് വീട്ടിൽനിന്ന് ഒരു അധിക പുതപ്പ് അഭ്യർഥിക്കാം. തലയണകൾ, മെത്തകൾ തുടങ്ങിയ മറ്റു കിടക്ക സാമഗ്രികളൊന്നും പരിഗണിക്കില്ല. രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശനും കൂട്ടാളികളും സമർപ്പിച്ച വീട്ടുഭക്ഷണ അപേക്ഷകളുമായി ബന്ധപ്പെട്ട കേസുകൾ ഹൈകോടതി ഇപ്പോൾ പരിഗണിക്കുന്നതിനാൽ ഈ ഉത്തരവ് പുറപ്പെടുവിച്ച സമയം വളരെ പ്രധാനമാണ്. ‘‘വലുതോ ചെറുതോ ആയ ഒരു പ്രതിയും നിയമത്തിന് അതീതനല്ല’’എന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, വീട്ടുഭക്ഷണം അനുവദിക്കുന്ന വിചാരണ കോടതി ഉത്തരവ് കോടതി അടുത്തിടെ സ്റ്റേ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.