ബംഗളൂരു: ബുധനാഴ്ച ബംഗളൂരുവിൽ അനുഭവപ്പെട്ടത് വൻ ഗതാഗതക്കുരുക്ക്. മണിക്കൂറുകളോളം വാഹനങ്ങൾ റോഡുകളിൽ കുടുങ്ങി. മണിക്കൂറുകൾ കുരുക്കിൽപ്പെട്ട് വാഹനങ്ങൾ പലതും തകരാറിലായി. നഗരത്തിലെ ഔട്ടർ റിംഗ് റോഡ് (ORR) പ്രദേശത്താണ് ഏറ്റവും വലിയ കുരുക്കുണ്ടായത്.
അഞ്ച് മണിക്കൂറിലേറെയാണ് ആളുകൾ അവിടെ കുടുങ്ങിക്കിടന്നത്. കർഷകരുടെയും കന്നഡ സംഘടനകളുടെയും സംഘടനയായ കർണാടക ജല സംരക്ഷണ സമിതി ബന്ദിന് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് സംഭവം. കാവേരി നദീജലം തമിഴ്‌നാടിന് വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തത്.
എക്സിൽ നിരവധി പേരാണ് തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചത്. ഓഫീസുകളിലേക്കോ വീട്ടിലേക്കോ പോകുന്ന വഴിയിൽ മണിക്കൂറുകളോളം ട്രാഫിക്കിൽ കുടുങ്ങിയതായി അവർ പറഞ്ഞു. രാത്രി 9 മണിക്ക് മുമ്പ് ഓഫീസിൽ നിന്ന് പുറത്തിറങ്ങരുതെന്നും ഔട്ടർ റിംഗ് റോഡ്, മാറത്തഹള്ളി, സർജാപുര, സിൽക്ക്ബോർഡ് റൂട്ടുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും അവർ മറ്റുള്ളവരോട് നിർദ്ദേശിച്ചു. ബംഗളൂരുവിലെ ഗതാഗതക്കുരുക്ക് കാരണം മിക്ക സ്കൂൾ കുട്ടികളും രാത്രി 8 മണിക്കാണ് വീട്ടിലെത്തിയത്. ഫുട്പാത്തിലൂടെയാണ് മിക്ക ഇരുചക്രവാഹനങ്ങൾ ഓടിയത്. ഇത് കാൽനടയാത്രക്കാരെയും കഷ്ടത്തിലാക്കി.
ഇന്ത്യൻ പര്യടനത്തിലായിരുന്ന ഹാസ്യനടൻ ട്രെവർ നോഹയുടെ ബംഗളൂരുവിലെ ഔട്ടർ റിംഗ് റോഡ് ഏരിയയിൽ നടക്കേണ്ടിയിരുന്ന ഷോകൾ റദ്ദാക്കി. ഗതാഗതക്കുരുക്ക് മൂലം ട്രെവർ നോഹ ലക്ഷ്യസ്ഥാനത്ത് എത്താൻ 30 മിനിറ്റിലധികം വൈകിയതായി റിപ്പോർട്ടുണ്ട്. അദ്ദേഹത്തിന്റെ ഷോയ്‌ക്കായി ടിക്കറ്റ് എടുത്ത നിരവധി ആളുകൾ അതിൽ പങ്കെടുക്കാൻ അവരുടെ ഓഫീസുകളിൽ നിന്ന് നേരത്തെ പുറപ്പെട്ടിരുന്നു.
ഇത് ഔട്ടർ റിംഗ് റോഡിൽ തിരക്ക് കൂടാൻ കാരണമായി. മണിക്കൂറോളമാണ് യാത്രക്കാർ ട്രാഫിക്കിൽ കുടുങ്ങിയത്. മഴ കാരണം പല ഉൾറോഡുകളിലും മറ്റും വെള്ളക്കെട്ടുള്ളതും ഗതാഗതത്തിന് തടസമായി. വാഹനങ്ങൾ പലതും ഇതിനോടകം തകരാറിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.