ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ അഡ്വ.എം. വീരപ്പ മൊയ്ലി
മംഗളൂരു: കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സംസ്ഥാന മുഖ്യമന്ത്രിയാകുന്നത് തടയാൻ ആർക്കും കഴിയില്ലെന്നും അത് ‘‘പരിഹരിച്ച കാര്യമാണ്’’ എന്നും മുതിർന്ന കോൺഗ്രസ് നേതാവ് അഡ്വ.എം. വീരപ്പ മൊയ്ലി പറഞ്ഞു. കാർക്കളയിൽ കോൺഗ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുൻ മുഖ്യമന്ത്രിയായ അദ്ദേഹം.
ശിവകുമാർ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നത് സമയത്തിന്റെ കാര്യം മാത്രമാണ്. അതു സംഭവിക്കാൻ പോവുന്നതുതന്നെ. കർണാടക നിയമസഭയിലേക്ക് ശിവകുമാറിന് കന്നിയങ്കത്തിൽ ടിക്കറ്റ് ഉറപ്പാക്കിയത് താനാണ്. ഇന്ന് അദ്ദേഹം കർണാടകയിൽ വിജയകരമായ നേതാവായി ഉയർന്നുവന്നിരിക്കുന്നു. എത്രയുംവേഗം അദ്ദേഹം മുഖ്യമന്ത്രിയാകണമെന്ന് നമുക്കെല്ലാവർക്കും ആശംസിക്കാം.
കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി) പ്രസിഡന്റായിരുന്നിട്ടും ദേശീയതലത്തിൽ പാർട്ടിക്ക് വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ശിവകുമാർ വിശ്രമമില്ലാതെ പ്രവർത്തിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലും പാർട്ടി അധികാരത്തിലെത്തുന്നതിന് അദ്ദേഹത്തിന്റെ സംഭാവന വലുതാണ്. എന്തെല്ലാം ശ്രമങ്ങൾ നടത്തിയാലും ശിവകുമാർ മുഖ്യമന്ത്രിയാവുന്നത് തടയാൻ ആർക്കും കഴിയില്ല. അദ്ദേഹം മുഖ്യമന്ത്രിയാകേണ്ടത് അനിവാര്യമാണെന്ന് മൊയ്ലി പറഞ്ഞു.
2023 മേയ് മാസത്തിലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെത്തുടർന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ കടുത്ത മത്സരം നടന്നിരുന്നു. കോൺഗ്രസ് നേതൃത്വം ഒടുവിൽ ശിവകുമാറിനെ ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കാൻ പ്രേരിപ്പിച്ചു.
രണ്ടര വർഷത്തിനുശേഷം ശിവകുമാർ മുഖ്യമന്ത്രിയായി ചുമതലയേൽക്കുമെന്ന് അക്കാലത്ത് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, പാർട്ടി ഒരിക്കലും ഈ ക്രമീകരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സിദ്ധരാമയ്യയുമായി അടുപ്പമുള്ള മന്ത്രിമാരും നേതാക്കളുമാവട്ടെ നേതൃമാറ്റത്തിന് സാധ്യതയില്ലെന്നും നിലവിലെ മുഖ്യമന്ത്രി അഞ്ചു വർഷം മുഴുവൻ ഭരണത്തിലിരിക്കുമെന്നും വാദിക്കുന്നു. നേതൃമാറ്റത്തെക്കുറിച്ച് പരസ്യപ്രസ്താവനകൾ നടത്തുന്നവരോട് വായടച്ച് ഭരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ശാസനക്കിടയിലാണ് വീരപ്പ മൊയ്ലിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.