മംഗളൂരു: കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ധർമസ്ഥലയിൽ നടന്ന ബലാത്സംഗങ്ങൾ, കൊലപാതകങ്ങൾ, ശവസംസ്കാരങ്ങൾ എന്നിവയെക്കുറിച്ചുള്ള ആരോപണങ്ങളിൽ എൻ.ഐ.എ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പുർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്ന് സിദ്ധരാമയ്യ തുടർന്നു.
ധർമസ്ഥലയെക്കുറിച്ചുള്ള സംശയം ദൂരീകരിക്കുന്നതിനും അന്വേഷിക്കുന്നതിനുമായാണ് ജൂലൈ 19ന് കർണാടക സർക്കാർ എസ്.ഐ.ടി രൂപവത്കരിച്ചത്. ധർമസ്ഥലയിൽ ഹിന്ദു ആരാധനാലയത്തിനെതിരെ ഗൂഢാലോചനയും അപവാദ പ്രചാരണവും നടക്കുന്നുണ്ടെന്ന് ആരോപിച്ചും സംസ്ഥാന സർക്കാർ വിഷയം കൈകാര്യം ചെയ്യുന്ന രീതിയെ വിമർശിച്ചും പ്രതിപക്ഷമായ ജെ.ഡി-എസും ബി.ജെ.പിയും വെവ്വേറെ റാലികൾ നടത്തിയതിനെക്കുറിച്ച് ചോദ്യത്തിന് ‘‘അവർ (പ്രതിപക്ഷം) എല്ലാത്തിലും രാഷ്ട്രീയം കളിക്കുകയാണ്.
അവർക്ക് വേണമെങ്കിൽ അവർ (ധർമസ്ഥലയിലേക്ക്) പോകട്ടെ. ധർമസ്ഥലയുടെ ധർമാധികാരി വീരേന്ദ്ര ഹെഗ്ഡെ എസ്.ഐ.ടി അന്വേഷണത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. സത്യം പുറത്തുവരണം. സത്യം പുറത്തുകൊണ്ടുവരാനാണ് എസ്.ഐ.ടി രൂപവത്കരിച്ചത്. സത്യം അറിയണം, അല്ലെങ്കിൽ സംശയത്തിന്റെ ഒരു വാൾ തൂങ്ങിക്കിടക്കും’’ -സിദ്ധരാമയ്യ പറഞ്ഞു. പരാതിക്കാരൻ ബെൽത്തങ്ങാടി പ്രിൻസിപ്പൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായി മൊഴി നൽകിയിരുന്നു. വിവിധ സംഘടനകളിൽനിന്ന് എസ്.ഐ.ടി രൂപവത്കരിക്കണമെന്ന ആവശ്യം ഉയരുകയും ചെയ്തു.
സത്യം പുറത്തുവരണം എന്നതായിരുന്നു സർക്കാറിന്റെ ഉദ്ദേശ്യം. എസ്.ഐ.ടി അന്വേഷണത്തെ ബി.ജെ.പി സ്വാഗതം ചെയ്തിരുന്നു, ഇപ്പോൾ അവർ വോട്ടിനുവേണ്ടി രാഷ്ട്രീയം കളിക്കുകയാണ്. ധർമസ്ഥല കേസിൽ ഒരു കേന്ദ്ര ഏജൻസി, പ്രത്യേകിച്ച് എൻ.ഐ.എ അന്വേഷണം നടത്തണമെന്ന ബി.ജെ.പിയുടെ ആവശ്യം പരാമർശിച്ച്, ബി.ജെ.പി അധികാരത്തിലിരുന്നപ്പോൾ സി.ബി.ഐക്ക് എന്തെങ്കിലും കേസ് നൽകിയിരുന്നോ? കേസിൽ മറ്റ് അന്വേഷണങ്ങളുടെ ആവശ്യമില്ലെന്ന് കരുതുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
എസ്.ഐ.ടി അന്വേഷണം സമയബന്ധിതമായിരിക്കുമോ എന്നും അന്വേഷണ റിപ്പോർട്ട് എപ്പോൾ പ്രതീക്ഷിക്കാമെന്നും ചോദിച്ചപ്പോൾ, ‘‘എനിക്കറിയില്ല, ഞങ്ങൾ ഇടപെടുന്നില്ല, ഞങ്ങൾ എസ്.ഐ.ടിക്ക് പുർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്, അവർ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കും’’ എന്ന് മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.