ബംഗളൂരു: ദേവനഹള്ളിയിൽ പുതിയ മെഗാ ടെർമിനലിനുള്ള സർവേക്ക് റെയിൽവേ ബോർഡിന്റെ അംഗീകാരം. ബംഗളൂരു നഗരത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് കുറക്കുന്നതിനാണ് ദേവനഹള്ളിയിൽ പുതിയ ടെർമിനൽ നിർമിക്കാൻ ബംഗളൂരു റെയിൽവേ ഡിവിഷൻ പദ്ധതിയിട്ടത്.
ദേവനഹള്ളി സ്റ്റേഷന് സമീപമോ യെലഹങ്ക-ദേവനഹള്ളി -ചിക്കബെല്ലാപൂർ ഇടനാഴിയിലെ ഏതെങ്കിലും അനുയോജ്യമായ സ്ഥലത്തോ നിർദിഷ്ട മെഗാ ടെർമിനലിനായി അന്തിമ ലൊക്കേഷൻ സർവേ നടത്താനുള്ള നിർദേശത്തിനാണ് നിലവിൽ റെയിൽവേയുടെ അംഗീകാരം ലഭിച്ചത്. ടെർമിനലിൽ കുറഞ്ഞത് 10 പ്ലാറ്റ്ഫോമുകളെങ്കിലും ഉണ്ടായിരിക്കുമെന്നാണ് റെയിൽവേ വിഭാവനം ചെയ്തിട്ടുള്ളത്.
ഇത് കെ.എസ്.ആർ ബംഗളൂരു, യശ്വന്ത്പൂർ, ബംഗളൂരു കന്റോൺമെന്റ് തുടങ്ങിയ നിലവിലുള്ള സ്റ്റേഷനുകളിലെ തിരക്ക് ഗണ്യമായി ലഘൂകരിക്കും. ഇവയെല്ലാം നിലവിൽ പരമാവധി ശേഷിയിലാണ് പ്രവർത്തിക്കുന്നത്. പ്രതിവർഷം യാത്രക്കാരിലുണ്ടാകുന്ന വർധന ഭാവിയിൽ സ്ഥിതിരൂക്ഷമാക്കും. ഈ സാഹചര്യത്തിലാണ് ദേവനഹള്ളിയിൽ പുതിയ മെഗാ ടെർമിനൽ പദ്ധതി റെയിൽവേ ആവിഷ്കരിച്ചത്.
പദ്ധതി യാഥാർഥ്യമായാൽ ദേവനഹള്ളി ടെർമിനൽ ബംഗളൂരുവിലെ നാലാമത്തെ പ്രധാന ടെർമിനലായി പ്രവർത്തിക്കും. ഇതിൽ 12 പിറ്റ് ലൈനുകൾ, അഞ്ച് വാഷിങ് ലൈനുകൾ, 24 സ്റ്റേബിളിങ് ലൈനുകൾ, ആറ് ഹെവി റിപ്പയർ ബേ ലൈനുകൾ, രണ്ട് പിറ്റ് വീൽ ലാത്ത് ലൈനുകൾ, ആറ് സിക്ക് ലൈനുകൾ എന്നിവ ഉൾപ്പെടും.
ലോക്കോ ബേകൾ, ലോൺഡ്രി, അഡ്മിനിസ്ട്രേറ്റീവ് കെട്ടിടങ്ങൾ, സ്റ്റോറുകൾ തുടങ്ങിയ കൂടുതൽ അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടും. പ്രതിദിനം 36 റേക്കുകൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ഈ ടെർമിനൽ ബംഗളൂരുവിന്റെ റെയിൽവേ അറ്റകുറ്റപ്പണികൾക്കുള്ള ശേഷിയും ഗണ്യമായി വർധിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.