ബംഗളൂരു: ലഹരിക്കടിമപ്പെട്ടവർക്ക് തിരികെ ജീവിതത്തിലേക്കുള്ള വഴി കാണിച്ചുകൊടുക്കുകയാണ് നാർകോട്ടിക്സ് അനോണിമസ് എന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടന. 1953 ജൂലൈയിൽ കാലിഫോർണിയയിൽ തുടങ്ങിയ സംഘടനയുടെ പ്രവർത്തനം ഇന്ന് ലോകത്താകമാനം വ്യാപിച്ചിരിക്കുകയാണ്. ലഹരിക്കടിമപ്പെട്ട ആർക്കും സംഘടനയിൽ അംഗമാകാമെന്നാണ് സംഘാടകർ പറയുന്നത്.
ലഹരി മരുന്നുകളിൽ നിന്നും വിമുക്തി നേടിയവരാണ് പുതിയ അംഗങ്ങൾക്ക് ജീവിതത്തിലേക്ക് തിരികെ നടക്കാൻ സഹായിക്കുക. ഗ്രൂപ് അംഗങ്ങൾ സ്വതന്ത്രമായി പ്രവർത്തിക്കുകയും യോഗങ്ങൾ ചേരുകയുമാണ് പ്രവർത്തന രീതി. 1983 സെപ്റ്റംബറിൽ മുംബൈയിലാണ് സംഘടനയുടെ ഇന്ത്യയിലെ പ്രവർത്തനം തുടങ്ങുന്നത്. ഇന്ന് രാജ്യത്താകമാനം നാർകോട്ടിക്സ് അനോണിമസ് പ്രവർത്തിക്കുന്നുണ്ട്. കർണാടകയിൽ 32 വർഷമായി സംഘടനയുടെ സേവനമുണ്ട്. അംഗങ്ങളുടെ പേരും മറ്റ് വിവരങ്ങളും രഹസ്യമായിരിക്കും എന്നതുകൊണ്ട് ആ അജ്ഞതയെയാണ് നാർകോട്ടിക്സ് അനോണിമസ് എന്ന പേര് സൂചിപ്പിക്കുന്നത്. ബംഗളൂരുവിലെ വിദ്യാർഥികൾക്കിടയിൽ ലഹരിമരുന്നിന്റെ ഉപയോഗം വ്യാപകമാണെന്നാണ് സംഘടനാ പ്രതിനിധികൾ പറയുന്നത്.
ബംഗളൂരുവിൽ വിദ്യാർഥിയായിരുന്ന കൂട്ടായ്മ അംഗവും മലയാളിയുമായ യുവതി സ്വന്തം അനുഭവം വെളിപ്പെടുത്തി. ‘കേരളത്തിൽ നിന്നും ബംഗളൂരുവിലെത്തിയതിനുശേഷം തനിക്ക് പൂർണ സ്വാതന്ത്ര്യം ലഭിച്ചതായി തോന്നി. ഇവിടെ നിന്നാണ് ലഹരി മരുന്നുകൾ ഉപയോഗിക്കാൻ തുടങ്ങിയത്. സ്വന്തത്തെപ്പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തിയിരുന്നു.
നാർകോട്ടിക്സ് അനോണിമസ് എന്ന കൂട്ടായ്മയിലേക്ക് എത്തിയതിനുശേഷം ലഹരിമരുന്നുകളെ ജീവിതത്തിൽ നിന്നും പൂർണമായി ഒഴിവാക്കാനായതായും യുവതി പറഞ്ഞു. ലഹരിമരുന്നുകളിൽനിന്നും മുക്തി നേടുന്നതിനായി 12 ഇന മാർഗനിർദേശങ്ങളും നാർകോട്ടിക്സ് അനോണിമസിനുണ്ട്. www.naindia.in എന്ന വൈബ്സൈറ്റ് വഴിയും rd@naindia.in, webchair@naindia.in എന്നീ മെയിലുകൾ വഴിയും 9880590059 എന്ന ബംഗളൂരു ഏരിയയുടെ ഫോൺ നമ്പർ വഴിയും നാർകോട്ടിക് അനോണിമസിനെ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.