കന്നഡിഗർക്കും മലയാളികൾക്കും അഭിമാനമായി എൻ.എ. ഹാരിസിന്റെ നേട്ടം

ബംഗളൂരു: അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ വൈസ് പ്രസിഡന്റായി ശാന്തിനഗർ എം.എൽ.എയും മലയാളിയുമായ എൻ.എ. ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടത് കന്നഡിഗർക്കും മലയാളികൾക്കും ഒരുപോലെ അഭിമാന നിമിഷം. ബംഗളൂരുവിന്റെ ഹൃദയഭാഗമായ ശാന്തിനഗർ മണ്ഡലത്തിൽനിന്നുള്ള നേതാവാണ് എൻ.എ. ഹാരിസ്. അദ്ദേഹം കർണാടക സ്റ്റേറ്റ് ഫുട്ബാൾ അസോസിയേഷന്റെ(കെ.എസ്.എഫ്.എ) പ്രസിഡന്റായ ശേഷം നടത്തിയ കർമോത്സുകമായ പ്രവർത്തനങ്ങളാണ് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ മുൻനിരയിലേക്ക് അദ്ദേഹത്തെ നയിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച അദ്ദേഹത്തിന് 34 ൽ 29 വോട്ട് നേടാനായി.

എതിർ സ്ഥാനാർഥിയായിരുന്ന രാജസ്ഥാനിൽനിന്നുള്ള മാനവേന്ദ്ര സിങ്ങിന് അഞ്ചു വോട്ടിന്റെ പിന്തുണ മാത്രമാണ് ലഭിച്ചത്. രണ്ടുവർഷം കർണാടക സംസ്ഥാന ഫുട്ബാൾ അസോസിയേഷന്റെ ആക്ടിങ് പ്രസിഡന്റായി പ്രവർത്തിച്ചശേഷമാണ് 2019ൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. എൻ.എ. ഹാരിസും കെ.എസ്.എഫ്.എ ജനറൽ സെക്രട്ടറി സത്യനാരായണയും ചേർന്ന് കർണാടക ഫുട്ബാളിൽ മാറ്റത്തിന്റെ നിരവധി പ്രവർത്തനങ്ങൾക്ക് വഴിതെളിച്ചു. തന്റെ വിജയത്തിനുപിന്നിൽ പ്രവർത്തിച്ച കെ.എസ്.എഫ്.എ അംഗങ്ങൾ അടക്കമുള്ളവരോട് എൻ.എ. ഹാരിസ് നന്ദി അറിയിച്ചു. എ.ഐ.എഫ്.എഫ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട കല്യാൺ ചൗബേ നയിച്ച പാനലിലെ അംഗമായിരുന്നു എൻ.എ. ഹാരിസ്. ഈ പാനലിന്റെ വിജയത്തിന് ചുക്കാൻ പിടിച്ച പ്രധാനികളിലൊരാൾ മുൻ മാധ്യമപ്രവർത്തകൻ കൂടിയായ സത്യനാരായണയായിരുന്നു. കർണാടക ഫുട്ബാളിന് ഇത് നല്ല കാലമാണെന്നും സംസ്ഥാന ഫുട്ബാളിന്റെ വളർച്ചക്ക് ഈ നേട്ടം ഉപയോഗപ്പെടുമെന്നും സത്യനാരായണ പ്രതികരിച്ചു.

കാസർകോട് ചന്ദ്രഗിരി കീഴൂർ നാലപ്പാട് കുടുംബാംഗമായ ഡോ. എൻ.എ. മുഹമ്മദിന്റെ മകനാണ് എൻ.എ. ഹാരിസ്. 2004 ലോക്സഭ തെരഞ്ഞെടുപ്പിൽ കാസർകോട് കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു എൻ.എ. മുഹമ്മദ്. 2008, 2013, 2018 തെരഞ്ഞെടുപ്പുകളിൽ ശാന്തിനഗറിൽനിന്ന് നിയമസഭയിലെത്തി. മുമ്പ് യൂത്ത് കോൺഗ്രസിന്റെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മകനായ മുഹമ്മദ് നാലപ്പാടാണ് ഇപ്പോൾ കർണാടക യൂത്ത് കോൺഗ്രസ് അധ്യക്ഷൻ.

Tags:    
News Summary - NA Haris is proud for Kannadigar and Malayalis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.