ബംഗളൂരു: ചാമുണ്ഡി കുന്നുകളിൽ മതവിദ്വേഷത്തിന്റെ വിത്തുവിതക്കാൻ ശ്രമിച്ച കർണാടകയിലെ പ്രതിപക്ഷ പാർട്ടിയായ ബി.ജെ.പിക്ക് മറുപടിയായി മൈസൂരു ദസറ ഉദ്ഘാടന വേദി മനുഷ്യസ്നേഹത്തിന്റയും സാമൂഹിക സൗഹാർദത്തിന്റെയും വിളംബര വേദിയായി മാറി. ദസറ ആഘോഷം ഉദ്ഘാടനം ചെയ്ത സാഹിത്യകാരി ബാനു മുഷ്താഖും തുടർന്ന് സംസാരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യയും ഇക്കാര്യം ഊന്നിപ്പറഞ്ഞു.
മൈസൂർ രാജ്യത്തിന്റെ മഹിമയെക്കുറിച്ചും അവസാന ഭരണാധികാരിയായിരുന്ന മഹാരാജ ജയചാമരാജേന്ദ്ര വഡിയാർ പുലർത്തിയ മതസൗഹാർദത്തെക്കുറിച്ചും ബാനു മുഷ്താഖ് സദസ്സിനെ ഓർമിപ്പിച്ചു. എല്ലാ സമുദായത്തിൽനിന്നുള്ളവരെയും അദ്ദേഹം വിശ്വസിക്കുകയും നിയമിക്കുകയും ചെയ്തിരുന്നതായി അവർ പറഞ്ഞു. എന്റെ അടുത്ത ബന്ധുവായിരുന്ന ഒരു മുസ്ലിം മഹാരാജ ജയചാമരാജേന്ദ്ര വഡിയാറിന് കീഴിൽ പട്ടാളക്കാരനായിരുന്നു.
മഹാരാജാവ് മുസ്ലിംകളടക്കം എല്ലാ സമുദായത്തിൽനിന്നുള്ളവരെയും വിശ്വസിക്കുകയും പല മേഖലകളിലും നിയമിക്കുകയും ചെയ്തു. എന്റെ മതവിശ്വാസം എന്നെ മാനുഷിക മൂല്യങ്ങൾ പഠിപ്പിച്ചു. എല്ലാവരെയും ബഹുമാനിക്കാനും സമാധാനത്തോടെ ജീവിക്കുന്നതിന്റെ പ്രാധാന്യവും പഠിപ്പിച്ചു. എല്ലാ സമുദായങ്ങളുടെയും സമാധാനത്തിന്റെ പൂന്തോട്ടമാണിത്. നമുക്ക് മറ്റുള്ളവരെ ബഹുമാനിക്കാൻ ശ്രമിക്കാം. ഐക്യത്തിന് മേൽ ഈ നാടിന്റെ പൂക്കൾ വർഷിക്കട്ടെ. വിദ്വേഷവും അസഹിഷ്ണുതയും ഇല്ലാതാവട്ടെ. മനുഷ്യത്വത്തിനുമേൽ സമാധാനവും സഹിഷ്ണുതയും നീതിയും തിളങ്ങിനിൽക്കട്ടെ. ഇവിടെ തെളിച്ച വിളക്ക് ലോകത്തെ പ്രകാശിപ്പിക്കട്ടെ -ബാനു മുഷ്താഖ് പറഞ്ഞു.
24ാമത്തെ മൈസൂർ രാജാവായിരുന്ന കൃഷ്ണരാജ വഡിയാർ സാമൂഹിക നീതിക്കായി നിലനിന്നയാളാണെന്നും ഒരിക്കലും വിവേചനം കാണിച്ചിരുന്നില്ലെന്നും ബാനു മുഷ്താഖ് കൂട്ടിച്ചേർത്തു. നൂറുകണക്കിന് ദീപങ്ങൾ ഞാൻ തെളിക്കുകയും പുഷ്പങ്ങൾ അർപ്പിക്കുകയും ചെയ്തിട്ടുണ്ട്. മംഗളാരതി സ്വീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിക്കാൻ പോകുന്ന എന്റെ ആത്മകഥയിൽ ഹിന്ദുയിസവുമായുള്ള എന്റെ ബന്ധത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. എല്ലാ വെല്ലുവിളികൾക്കുമപ്പുറം, എനിക്കായി ധാർമിക പിന്തുണ നൽകിയ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും മൈസൂരു ജില്ല ഭരണകൂടത്തിനും ഞാനേറെ നന്ദി പറയുന്നു -അവർ പറഞ്ഞു. ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്യുന്നത് തടയാൻ സുപ്രീംകോടതിയെ വരെ സമീപിച്ച ബി.ജെ.പിക്കെതിരെ തുടർന്ന് സംസാരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ രൂക്ഷ വിമർശനമുന്നയിച്ചു.
ചരിത്രത്തെ വളച്ചൊടിക്കലും സ്വാർഥ താൽപര്യ രാഷ്ട്രീയവും മാപ്പില്ലാത്ത കുറ്റമാണെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങൾക്ക് എന്തെങ്കിലും രാഷ്ട്രീയം കളിക്കാനുണ്ടെങ്കിൽ അത് തെരഞ്ഞെടുപ്പിൽ കളിക്കുക. സംസ്ഥാന സർക്കാറിന്റെ പരിപാടിയിൽ തരംതാണ രാഷ്ട്രീയം കളിക്കുന്നത് നിന്ദ്യമാണ്. നമ്മുടെ ഭരണഘടന എല്ലാ മതങ്ങൾക്കും തുല്യ പരിഗണനയാണ് നൽകുന്നത്. ഹൈകോടതിയും സുപ്രീംകോടതിയും ഇക്കാര്യം ശരിവെച്ചതാണ്. രാജ്യത്തിന്റെ കാര്യത്തിൽ അഭിമാനം കൊള്ളുന്നവർ ഭരണഘടനയുടെ കാര്യത്തിലും അഭിമാനം കൊള്ളും. നമ്മുടെ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് അറിയണമെങ്കിൽ നമ്മൾ ഭരണഘടന മനസ്സിലാക്കണം’’ - സിദ്ധരാമയ്യ പറഞ്ഞു.
കോൺഗ്രസ് സർക്കാർ നടപ്പാക്കിയ സാമൂഹിക സുരക്ഷ പദ്ധതികളെയും മുഖ്യമന്ത്രി എടുത്തുപറഞ്ഞു. സാമൂഹിക സുരക്ഷ പദ്ധതികൾ സംസ്ഥാനത്തെ ബാങ്ക് കടത്തിലാക്കുമെന്നാണ് ചിലർ പ്രചരിപ്പിച്ചത്. എന്നിട്ട് സംസ്ഥാനം കടക്കെണിയിലായോ? കർണാടകയിലെ ഓരോ പാവപ്പെട്ടവനുംവേണ്ടി ഗാരന്റി പദ്ധതികൾക്കായി ഒരു ലക്ഷം കോടി രൂപയാണ് സർക്കാർ ചെലവഴിച്ചത്. ഈ പദ്ധതികളെ മുമ്പ് എതിർത്തിരുന്നവർ ഇപ്പോൾ അതേ പദ്ധതികൾ കോപ്പിയടിക്കുകയാണ്. കർണാടകയുടെ പ്രതിശീർഷ വരുമാനം വർധിച്ചു. പ്രതിശീർഷ വരുമാനത്തിന്റെ കാര്യത്തിൽ രാജ്യത്ത് ഒന്നാമതാണ് കർണാടക. ഗാരന്റി പദ്ധതികൾ എല്ലാ ജനങ്ങളുടെയും വരുമാനം വർധിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ദസറ ആഘോഷ ചടങ്ങിന്റെ ഭാഗമായി മൈസൂർ കൊട്ടാരത്തിൽ ദർബാർ ഹാളിൽ രാജവേഷത്തിൽ യദുവീർ കൃഷ്ണദത്ത ചാമരാജ വഡിയാർ സന്നിഹിതനായ ദർബാർ ചടങ്ങ് നടന്നു. ദസറ പുഷ്പമേള, ദസറ ഗുസ്തി മത്സരം, ദസറ പാവമേള, വിവിധ പ്രദർശനങ്ങൾ തുടങ്ങി വിവിധ അനുബന്ധ ആഘോഷങ്ങളും ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.