മ​ല്ലി​കാ​ർ​ജു​ൻ മു​ത്യ

പോക്സോ കേസിൽ അറസ്റ്റ് ഭയന്ന് ‘ആൾദൈവം’ ഒളിവിൽ; കേസ് റദ്ദാക്കാൻ ഹരജി

ബംഗളൂരു: ലൈംഗിക കുറ്റകൃത്യങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമ (പോക്സോ) കേസിൽ പ്രതിയായ സ്വയം പ്രഖ്യാപിത ‘ആൾദൈവം’ മല്ലികാർജുൻ മുത്യ, തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച കർണാടക ഹൈകോടതിയെ സമീപിച്ചു.

പോക്സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മല്ലികാർജുൻ മുത്യ ഹൈക്കോടതിയുടെ കലബുറഗി ബെഞ്ചിനെ സമീപിച്ചാണ് ഹർജി സമർപ്പിച്ചത്. ഇരയുടെ മാതാപിതാക്കൾ പരാതി നൽകിയിട്ടില്ലെന്നും പൊലീസ് സ്വമേധയാ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തതാണെന്നും അദ്ദേഹം തന്റെ ഹർജിയിൽ അവകാശപ്പെട്ടു.

വെളിപ്പെടുത്താത്ത സ്ഥലത്തുനിന്നാണ് അദ്ദേഹം ഹർജി സമർപ്പിച്ചത്. അതേസമയം, പ്രതിയായ ‘ആൾദൈവ’ത്തെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് ദിവസത്തിനുള്ളിൽ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭക്തർ അധികാരികളെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഡെപ്യൂട്ടി കമീഷണറുടെ ഓഫിസിന് മുന്നിലും ജില്ലയിലെ മറ്റ് സ്ഥലങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച മഠപരിസരത്ത് ഒത്തുകൂടിയ ഭക്തർ കൂട്ടമായാണ് തീരുമാനം എടുത്തത്.

യാദ്ഗിറിൽ താമസിക്കുന്ന സ്വയം പ്രഖ്യാപിത ‘ആൾദൈവം’ മല്ലികാർജുൻ മുത്യ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് മോശമായി പെരുമാറിയതിന് കേസെടുത്തത് സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്നാണ്.

കർണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ (കെ.‌എസ്‌.സി‌.പി‌.സി‌.ആർ) വ്യാഴാഴ്ച സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയും യാദ്ഗിർ പൊലീസ് സൂപ്രണ്ടിന് ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തു.

25-26 പ്രായമുള്ള പ്രതിയായ മല്ലികാർജുൻ മുത്യ എഫ്‌.ഐ.ആർ ഫയൽ ചെയ്തതിനെത്തുടർന്ന് അറസ്റ്റ് ഒഴിവാക്കാൻ വീട്ടിൽനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. അന്വേഷണത്തിന് ഹാജരാകാൻ പൊലീസ് അദ്ദേഹത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. ഇരയുടെ മാതാപിതാക്കൾ പരാതി നൽകിയിട്ടില്ലെന്നും തങ്ങൾക്ക് യാതൊരു ആശങ്കയുമില്ലെന്നും കുറ്റാരോപിതനായ ആൾദൈവത്തിന്റെ ഭക്തർ വെള്ളിയാഴ്ച അവകാശപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് വൈറലായ ദൃശ്യങ്ങൾ വ്യാപകമായ പൊതുജന രോഷത്തിന് കാരണമായിട്ടുണ്ട്. മല്ലികാർജുൻ മുത്യ തന്റെ മടിയിൽ ഇരിക്കുന്ന കുട്ടിയോട് മോശമായി പെരുമാറുന്നതായി വീഡിയോയിൽ കാണാം.

ഷഹാപൂർ താലൂക്കിലെ ചൈൽഡ് ഡെവലപ്‌മെന്റ് പ്രോജക്ട് ഓഫിസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ഗോഗി പൊലീസ് സ്റ്റേഷനിൽ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. സംഭവവികാസങ്ങളോട് പ്രതികരിച്ചുകൊണ്ട്, പ്രതിയുടെ കുടുംബം ആൾദൈവം നിരപരാധിയാണെന്ന് വാദിച്ചു. കുട്ടി ഒരു അകന്ന ബന്ധുവാണെന്നും അവന്റെ പ്രവൃത്തികൾ പിതൃസ്നേഹത്തിന്റെയോ സഹോദരസ്നേഹത്തിന്റെയോ പ്രകടനം മാത്രമാണെന്നും അവർ അവകാശപ്പെടുന്നു.

Tags:    
News Summary - ‘Self-Styled Godman’ in Hiding Amid Arrest Fears in POCSO Case; Moves Court to Quash FIR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.