പീഡനക്കേസ്: ദുബൈയിൽ അറസ്റ്റിലായ മലയാളി യുവാവിനെ ബംഗളൂരുവിലെത്തിച്ചു

ബംഗളൂരു: ബംഗളൂരുവിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിൽ പ്രതിയായ മലയാളി യുവാവ് ദുബൈയിൽ അറസ്റ്റിൽ. കണ്ണൂർ പയ്യന്നൂർ നരീക്കാംവള്ളി സ്വദേശി മിഥുൻ വി.വി. ചന്ദ്രൻ (31) ആണ് പിടിയിലായത്. ദുബൈ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കർണാടക പൊലീസെത്തി അറസ്റ്റ് രേഖപ്പെടുത്തി ബംഗളൂരുവിലെത്തിച്ചു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന 33കാരിയായ യുവതിയുടെ പരാതിയിലാണ് നടപടി.

2016ൽ ബംഗളൂരു മഹാദേവപുരയിലെ സ്വകാര്യ കമ്പനിയിൽ ഇരുവരും ഒന്നിച്ച് ജോലി ചെയ്തിരുന്നു. ഈ സമയം ഇരുവരും സൗഹൃദത്തിലായി. സാമ്പത്തിക ബുദ്ധിമുട്ടുകൾ അറിയിച്ചതിനാൽ സഹായമായി യുവതി പണം നൽകി. തന്നെ മിഥുന്റെ വീട്ടിൽ കൊണ്ടുപോയി മാതാവിന് പരിചയപ്പെടുത്തി നൽകുകയും നിർബന്ധപൂർവം ശാരീരിക ബന്ധത്തിലേർപ്പെടുകയും ചെയ്തു. വിവാഹത്തെക്കുറിച്ച് അവരും സമ്മതം അറിയിച്ചിരുന്നതായും എന്നാൽ, പിന്നീട് വിവാഹത്തെക്കുറിച്ച് സംസാരിച്ചപ്പോൾ അസഭ്യം പറഞ്ഞതായും യുവതി പരാതിയിൽ പറയുന്നു.

2020 ഫെബ്രുവരിയിൽ മിഥുനും മാതാവ് ഗീതക്കുമെതിരെ യുവതി മഹാദേവപുര പൊലീസിൽ പരാതി നൽകി. ഇന്ത്യൻ ശിക്ഷ നിയമം 376 (ബലാത്സംഗം), 417 (വഞ്ചനകുറ്റം), 323 (മനഃപൂർവം ഉപദ്രവിക്കൽ), 506 (ഭീഷണിപ്പെടുത്തൽ) തുടങ്ങിയ വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസെടുത്തതോടെ മിഥുൻ ഗൾഫിലേക്ക് കടക്കുകയായിരുന്നുവെന്ന് അറിയുന്നു. ദുബൈയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരുന്നതിനിടെയാണ് അറസ്റ്റ്.

കേസിൽ കുറ്റപത്രം സമർപ്പിച്ച് വിചാരണ ആരംഭിച്ചെങ്കിലും പ്രതി തുടർച്ചയായി ഹാജരാവാതിരുന്നതോടെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. തുടർന്ന് സി.ബി.ഐയുടെ കീഴിലെ ഗ്ലോബൽ ഓപറേഷൻ സെന്ററിന്റെയും ഇന്റർപോളിന്റെയും സഹായത്തോടെ യുവാവിനെതിരെ കർണാടക പൊലീസ് റെഡ് നോട്ടീസ് പുറപ്പെടുവിച്ചു. ഇതോടെ ദുബൈ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ഈ വിവരം സി.ബി.ഐ സംഘം ഇന്റലിജൻസ് ഡെപ്യൂട്ടി കമീഷണർ സാഹിൽ ബെഗ്ളയെ അറിയിച്ചു. തുടർന്ന് ബംഗളൂരുവിൽനിന്നുള്ള പൊലീസ് സംഘം ദുബൈയിലെത്തി പ്രതിയെ ഏറ്റുവാങ്ങി അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Tags:    
News Summary - Molestation case: A Malayali youth arrested in Dubai was brought to Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.