ബംഗളൂരു : മലബാർ മുസ്‍ലിം അസോസിയേഷൻ മീലാദ് സംഗമങ്ങൾക്ക് ഇന്ന് തുടക്കം. ഡബ്ൾ റോഡ് ഖാദർ ശരീഫ് ഗാർഡനിലെ ശാഫി മസ്ജിദിൽ വൈകീട്ട് ഏഴോടെ നടക്കുന്ന ഉദ്ഘാടന സംഗമം പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് ഉദ്ഘാടനം ചെയ്യും.
ജനറൽ സെക്രട്ടറി ടി.സി. സിറാജ് അധ്യക്ഷത വഹിക്കും. ഖതീബ് സെയ്തുമുഹമ്മദ് നൂരി മദ്ഹ് റസൂൽ പ്രഭാഷണം നടത്തും. തുടർന്ന് ബംഗളൂരുവിലെ വിവിധ മഹല്ല് ഖതീബുമാരുടെയും പണ്ഡിതന്മാരുടെയും നേതൃത്വത്തിൽ മൗലിദ് പാരായണം നടക്കും. വൈകീട്ട് അഞ്ച് മുതൽ തിലക് നഗർ മസ്ജിദ് യാസീൻ, എം.എം എ ഇർശാദുൽ മുസ്‍ലിമീൻ മദ്റസ വിദ്യാർഥികളുടെ മീലാദ് ഫെസ്റ്റും സംഗമവും നടക്കും.
23 ന് ഉച്ചക്ക് ഒന്നു മുതൽ എം.എം .എ ആസാദ് നഗർ ബ്രാഞ്ച് കമ്മിറ്റി ആഭിമുഖ്യത്തിൽ മീലാദ് സംഗമവും ഹിദായത്തുൽ ഇസ്‌ലാം വിദ്യാർഥികളുടെ ഫെസ്റ്റും നടക്കും. 26 ന് ,മൈസൂർ റോഡ് കർണാടക മലബാർ സെന്‍റർ ഫങ്ഷൻ ഹാളിൽ മീലാദ് സംഗമങ്ങളുടെ സമാപനം നടക്കും.
രാവിലെ പത്ത് മുതൽ വിദ്യാർഥികളുടെ കലാമത്സരങ്ങൾ, ദഫ് പ്രദർശനം, ബുർദ ആലാപനം, തുടങ്ങി വിവിധ പരിപാടികളുണ്ടാകും. വൈകീട്ട് ആറിന് പൊതുസമ്മേളനത്തോടെ മീലാദ് സംഗമം സമാപിക്കും.
പൊതുസമ്മേളനത്തിൽ ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എൻ.എ. ഹാരിസ് എം.എൽ.എയെ ആദരിക്കും. ചടങ്ങിൽ ഐ.എം. വിജയൻ , മുഹമ്മദ് റാഫി അടക്കമുള്ള ഫുട്ബാൾ താരങ്ങളും മത, സാമൂഹിക, സാംസ്കാരിക നേതാക്കളും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.