പർപ്പിൾ ലൈനിൽ മെട്രോ സർവിസ് നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് മെട്രോ സ്റ്റേഷനില്‍ അനുഭവപ്പെട്ട തിരക്ക്
ബംഗളൂരു: കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനിൽ ഉണ്ടായ സാങ്കേതിക തകരാർ പരിഹരിച്ചതായും പർപ്പിൾ ലൈനിലെ സാധാരണ സേവനങ്ങൾ പുനരാരംഭിച്ചതായും ബി.എം.ആർ.സി.എൽ ബുധനാഴ്ച അറിയിച്ചു. രാവിലെ അഞ്ചു മുതലാണ് സേവനങ്ങള്‍ പുനരാരംഭിച്ചത്. സാങ്കേതിക തകരാർ മൂലം ചൊവ്വാഴ്ച വൈകീട്ട് പർപ്പിൾ ലൈനിലെ മെട്രോ സർവിസുകൾ നിര്‍ത്തിവെച്ചിരുന്നു.
ഉദ്യോഗസ്ഥരടക്കം നിരവധി യാത്രക്കാർ കുടുങ്ങി. ലക്ഷ്യസ്ഥാനങ്ങളിലെത്താൻ ആപ്പ് അധിഷ്ഠിത സേവനങ്ങളും ഇതര ഗതാഗത മാർഗങ്ങളും തേടേണ്ടിവന്നു. മെട്രോ സര്‍വിസ് നിര്‍ത്തിയതിനാല്‍ യാത്രക്കാര്‍ ട്രക്കുകളിൽ കയറി യാത്ര ചെയ്യേണ്ട സ്ഥിതി വിശേഷം വന്നുവെന്ന് സാമൂഹിക മാധ്യമമായ 'എക്സിൽ' ബി.ജെ.പി എം.പി തേജസ്വി സൂര്യ ആരോപിച്ചു. ചൊവ്വാഴ്ച വൈകീട്ട് 6.32ഓടെ കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനിൽ ഒരു ട്രെയിനിൽ സാങ്കേതിക തകരാറുണ്ടായതിനെ തുടർന്നാണ് സര്‍വിസ് നിര്‍ത്തിവെക്കേണ്ടി വന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തകരാറിനെ തുടര്‍ന്ന് പർപ്പിൾ ലൈനിലെ കബ്ബൺ പാർക്ക്, എം.ജി റോഡ് എന്നിവയുൾപ്പെടെ നിരവധി മെട്രോ സ്റ്റേഷനുകളിൽ ഗതാഗത തടസ്സം മൂലം വൻതിരക്ക് അനുഭവപ്പെട്ടു. പൊതുജന സുരക്ഷ, സുരക്ഷ, യാത്രക്കാരുടെ സുഗമമായ യാത്ര എന്നിവ ഉറപ്പാക്കാൻ മെട്രോ സ്റ്റേഷനുകൾക്ക് സമീപം കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. നമ്മ മെട്രോ ഉദ്യോഗസ്ഥരും ജീവനക്കാരും രാത്രി വൈകുവോളം അറ്റകുറ്റപ്പണികൾ നടത്തി ബുധനാഴ്ച പുലർച്ചെ 3.30ഓടെ പ്രശ്നം പരിഹരിച്ച് സർവിസുകൾ പുനഃസ്ഥാപിച്ചുവെന്ന് ബി.എം.ആർ.സി.എൽ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ യശ്വന്ത് ചവാൻ പറഞ്ഞു.
രാവിലെ അഞ്ചിന് കടുഗോഡിയിൽ നിന്ന് പുറപ്പെട്ട ആദ്യ ട്രെയിൻ പതിവുപോലെ രാവിലെ 5.21ന് കബ്ബൺ പാർക്കിൽ എത്തി. തങ്ങളോട് സഹകരിച്ച യാത്രക്കാർക്ക് ബി.എം.ആർ.സി.എൽ അധികൃതര്‍ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.