ടാപ്പിലെ വെള്ളം ഉപയോഗിച്ചതിൽ തർക്കം: പി.ജി ഉടമയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊന്നു; ബംഗളൂരുവിൽ രണ്ട് കോളജ് വിദ്യാർഥികൾ അറസ്റ്റിൽ

ബംഗളൂരു: ടാപ്പിൽനിന്ന് വെള്ളമെടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ പി.ജി ഉടമയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊലപ്പെടുത്തി. കസ്തൂരിനഗർ മെയിൻ റോഡിലെ 'ലക്ഷ്മി നരസിംഹ പി.ജി' ഉടമ മാധവ് മാത്‌ലെ (37) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്.

സംഭവത്തിൽ രണ്ട് കോളജ് വിദ്യാർഥികളെ രാമമൂർത്തി നഗർ പൊലീസ് അറസ്റ്റുചെയ്തു. ബികോം വിദ്യാർഥിയായ രാകേഷ് (21), ഒന്നാം വർഷ ബി.ബി.എ വിദ്യാർഥിയായ ഡോൺ ബ്രൈറ്റ് സൺ (20) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച പുലർച്ചയോടെയായിരുന്നു അറസ്റ്റ്.

കഴിഞ്ഞദിവസം വൈകീട്ട് ആറോടെ പി.ജിക്ക് മുന്നിലായിരുന്നു സംഭവം. മദ്യപിച്ചെത്തിയ പ്രതികൾ പി.ജിക്ക് ഉള്ളിലെ ടാപ്പിൽനിന്ന് കാൽ കഴുകാൻ ശ്രമിച്ചതാണ് തർക്കത്തിന് കാരണമായത്. പ്രതികൾ ഈ പി.ജിയിലെ താമസക്കാരല്ലെന്ന് പൊലീസ് പറഞ്ഞു. പുറത്തുനിന്നെത്തിയവർ വെള്ളം ഉപയോഗിക്കുന്നത് മാധവ് മാത്‌ലെ ചോദ്യം ചെയ്തതോടെയാണ് വാക്കേറ്റമുണ്ടായത്.

തർക്കം മൂത്തതോടെ മാധവ് മാത്‌ലെ ക്രിക്കറ്റ് ബാറ്റുമായി വന്ന് വിദ്യാർഥികളെ നേരിടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, പ്രതികൾ ഇയാളുടെ കൈയിൽനിന്ന് ബാറ്റ് പിടിച്ചുവാങ്ങുകയും മാധവിനെ ക്രൂരമായി മർദിക്കുകയുമായിരുന്നു. തലയ്ക്കും ശരീരത്തിനും ഗുരുതര പരിക്കേറ്റ മാധവിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് മണിക്കൂറിനുള്ളിൽ മരണം സംഭവിക്കുകയായിരുന്നു.

കൃത്യത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട പ്രതികളെ രാമമൂർത്തി നഗർ പൊലീസ് മൊബൈൽ ലൊക്കേഷനും സി.സി.ടി.വി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്. പ്രതികൾ മദ്യപിച്ചിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Tags:    
News Summary - Dispute over tap water: PG owner beaten to death with cricket bat; Two college students arrested in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.