ബംഗളൂരു: ഇത്തവണ മഴ കുറഞ്ഞ സാഹചര്യത്തില്‍ ബംഗളൂരുവിലെ ജനങ്ങൾക്ക് കുടിവെള്ള പ്രതിസന്ധി ഉണ്ടാകാതിരിക്കാൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ബി.ഡബ്ല്യു.എസ്.എസ്.ബി ചെയർപേഴ്സൻ എൻ. മഞ്ജുള മുതിർന്ന ബോർഡ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് ഹെഡ് ഓഫിസിൽ സോണൽ ചീഫ് എൻജിനീയർമാരുമായി നടത്തിയ അവലോകന യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. കെ.ആർ.എസ്. റിസർവോയറിലെ നിലവിലെ ജലനിരപ്പിനെക്കുറിച്ചും ജലം വിവേകപൂർവം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവർ ഉദ്യോഗസ്ഥരുമായി വിശദമായ ചർച്ചകൾ നടത്തി. ജലക്ഷാമം രൂക്ഷമായാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ഹേമാവതി, കബനി ജലസംഭരണികളിൽ നിന്ന് നഗരത്തിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള സാധ്യതയും ചർച്ച വിഷയമായി.
തുടർച്ചയായ നിരീക്ഷണം, ശാസ്ത്രീയ വിലയിരുത്തൽ, സമയബന്ധിതമായ ഇടപെടൽ എന്നിവ അനിവാര്യമാണെന്ന് അവര്‍ പറഞ്ഞു. നഗരത്തിലെ ഭൂഗർഭജലനിരപ്പിനെയും നിലവിൽ പ്രവർത്തിക്കുന്ന കുഴൽക്കിണറുകളുടെ യഥാർത്ഥ സ്ഥിതിയെയും കുറിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ഐ.ഐ.എസ്.സി) നിന്ന് സമഗ്രമായ റിപ്പോർട്ട് നേടാനും സമീപഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധി ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കാനും മഞ്ജുള മുതിർന്ന ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.