‘ചവിട്ടുവണ്ടി’ അംഗങ്ങൾ ബംഗളൂരുവിൽ സൈക്കിൾ റൈഡിനിടെ
ബംഗളൂരു: സൈക്കിൾ യാത്രയെ പ്രണയിക്കുന്ന ബംഗളൂരു മലയാളികളുടെ കൂട്ടായ്മയായ ‘ചവിട്ടുവണ്ടി’ മൂന്നാംവാർഷികത്തിലേക്ക്. ജൂലൈ 27ന് രാവിലെ ചർച്ച് സ്ട്രീറ്റിൽ നടക്കുന്ന ആഘോഷത്തിൽ സൈക്കിൾ പ്രേമികൾ ഒത്തുകൂടും. കൂട്ടായ്മയുടെ അമരക്കാരനും റിസര്‍വ് ബാങ്കില്‍ ഉദ്യോഗസ്ഥനുമായ അരവിന്ദാണ് സൈക്കിൾ കൂട്ടായ്മ എന്ന ആശയത്തിനു തുടക്കമിട്ടത്.
നിത്യേന ഓഫിസിലേക്ക് സൈക്കില്‍ ചവിട്ടി പോകുന്നതിനിടയില്‍ മലയാളികളായ ഒരു പറ്റം സൈക്കിൾ യാത്രികരെ പരിചയപ്പെടുകയും പിന്നീട് അതൊരു കൂട്ടായ്മയായി മാറുകയുമായിരുന്നു. അരവിന്ദ് മോഹന്‍, മഹേഷ് നായര്‍, വിനോദ് കെ.കെ, ഫര്വേഷ്, ശരത്, സക് ലൌ, രാധാകൃഷ്ണന് എന്നിവരാണ് കൂട്ടായ്മയിലെ തുടക്കക്കാർ. വാരാന്ത്യങ്ങളിൽ ചെറിയ റൈഡുകൾ സംഘടിപ്പിച്ചായിരുന്നു തുടക്കം. കേട്ടറിഞ്ഞു നിരവധിയാളുകൾ കൂട്ടായ്മയുടെ ഭാഗമായിമാറി. അഞ്ച് വയസ്സിനും 80 വയസ്സിനുമിടയിലുള്ള 300ലധികം മലയാളികള്‍ ഇന്ന് ഈ കൂട്ടായ്മയിലുണ്ട്. അഞ്ച് വയസ്സുകാരൻ വാസുദേവ് അരുണ്‍, എട്ട് വയസ്സുകാരന് നിര്മയ് അരവിന്ദ് എന്നിവരാണ് ഇളമുറക്കാര്‍.
ഗൃഹാതുരത്വം തുളുമ്പുന്ന പേരും ലോഗോയും വേണമെന്ന ആശയത്തില്‍നിന്ന് സംഘടനയിലെ അംഗങ്ങളുടെ സംഭാവനയാണ് ‘ചവിട്ടുവണ്ടി’ എന്ന പേരും ലോഗോയും. ബംഗളൂരുവിലെ എല്ലാ ഭാഗത്തുനിന്നുള്ളവരും ഇതിൽ അംഗങ്ങളാണ്. ഒരു പ്രദേശത്ത് താമസിക്കുന്ന ആളുകൾ ചേർന്ന് നിത്യവും സംഘടിപ്പിക്കുന്ന പ്രഭാത സവാരികൾ കൂട്ടായ്മയുടെ ഭാഗമാണ്. വാരാന്ത്യങ്ങളിലാണ് പ്രധാനമായും ദീർഘദൂര യാത്രകൾ നടത്തുന്നത്. 50 മുതൽ 150 വരെ കിലോമീറ്റര്‍ യാത്രകളും നന്ദി ഹില്‍സ് പോലെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകളും സംഘടിപ്പിക്കാറുണ്ട്. തുടക്കക്കാർക്ക് വേണ്ടി ചെറിയ റൈഡുകളും സൈക്കിൾ യാത്ര ഒരു വികാരമായി പിന്തുടരുന്നവർക്ക് ദീർഘദൂര യാത്രകളും സംഘടിപ്പിക്കും.
ഐ.ടി ജീവനക്കാര്‍, ആര്‍മി ഉദ്യോഗസ്ഥര്‍, ടീച്ചര്മാര്, പ്രഫസര്‍മാര്‍, ഡോക്ടർമാർ തുടങ്ങി വിവിധ മേഖലയിലുള്ളവര്‍ ഇതില്‍ അംഗങ്ങളാണ്. സാമൂഹിക ബന്ധങ്ങൾ നില നിർത്തുന്നതോടൊപ്പം തങ്ങൾ ഒരു കുടുംബംപോലെ ആണെന്ന് കൂട്ടായ്മയിലെ അംഗം കൂടിയായ അരുൺ പറയുന്നു.
മാനസിക സമ്മര്‍ദം ഒഴിവാക്കുക, പരസ്പര ബന്ധം നിലനിര്‍ത്തുക എന്നിവയാണ് ‘ചവിട്ടുവണ്ടി’ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം. കൂടുതൽ ആളുകളിലേക്ക് ഇതിന്റെ സന്ദേശമെത്തിക്കുക എന്ന ലക്ഷ്യത്തിൽനിന്നാണ് chavittuvandicycling എന്ന ഇൻസ്റ്റഗ്രാം പേജും chavittuvandi.in എന്ന വെബ് സൈറ്റും തുടങ്ങിയത്. ഇതിലൂടെ രജിസ്ട്രേഷന് ഫോം പൂരിപ്പിച്ച് കൂട്ടായ്മയുടെ ഭാഗമാകാം. പുതിയ സൈക്കിൾ വാങ്ങുമ്പോഴുള്ള മാർഗനിർദേശങ്ങൾക്കും സർവിസ് സെന്ററുകളെക്കുറിച്ച് അറിയുന്നതിനും മാർഗനിർദേശത്തിനായി പലരും ‘ചവിട്ടുവണ്ടി’യെ തേടി വരുന്നുണ്ട്. കൂട്ടായ്മയിൽ നിലവിൽ 10ഓളം വനിതകളും അംഗങ്ങളാണ്.
ചവിട്ടുവണ്ടിയിലെ അംഗങ്ങൾ വിദേശ രാജ്യങ്ങളിലുള്ള നിരവധി റൈഡുകളിലും പങ്കെടുത്തിട്ടുണ്ട്. പ്രഥമ വാര്‍ഷികത്തില്‍ 10 പേര് മാത്രമായിരുന്നു പങ്കെടുത്തതെങ്കിൽ തൊട്ടടുത്ത വർഷം അത് 100 പേരായി മാറി. ജൂലൈ 27ന് ചർച്ച് സ്ട്രീറ്റിൽ നടക്കുന്ന മൂന്നാം വാർഷികത്തിന് 150ഓളം അംഗങ്ങൾ ഇതിനകം രജിസ്റ്റർ ചെയ്തു കഴിഞ്ഞു.വിവിധ സൈക്കിൾ ക്ലബുകളില്നിന്നുള്ള പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും. രാവിലെ 6.30ന് ചർച്ച് സ്ട്രീറ്റിലെ ശോഭ മാളിനടുത്തുള്ള പാരഗൺ ക്വിക്ക് ബൈറ്റ്സ്ൽ നിന്ന് ആരംഭിക്കുന്ന സൈക്കിൾ യാത്രയോടെ ചടങ്ങ് ആരംഭിക്കും. 50,000 കിലോമീറ്റര്‍ റൈഡ് പൂര്‍ത്തിയാക്കിയവരെ ചടങ്ങില്‍ ആദരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.