മംഗളൂരു ബജ്പെ പൊലീസ് സ്റ്റേഷൻ കെട്ടിടം ഞായറാഴ്ച ആഭ്യന്തര മന്ത്രി ഡോ.ജി.പരമേശ്വര ഉദ്ഘാടനം ചെയ്യുന്നു

കർണാടക പൊലീസ് അടിസ്ഥാന യോഗ്യത ബിരുദമാക്കും - മന്ത്രി

മംഗളൂരു: കർണാടക പൊലീസ് സേനയിൽ ചേരാനുള്ള അപേക്ഷകരിൽ ബിരുദ ധാരികൾക്ക് മുൻഗണന നൽകുന്ന കാര്യം സർക്കാർ ആലോചനയിലുണ്ടെന്ന് ആഭ്യന്തര മന്ത്രി ഡോ.ജി.പരമേശ്വര പറഞ്ഞു. മംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിവിധ പൊലീസ് സ്റ്റേഷൻ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിക്കാൻ എത്തിയ മന്ത്രി.

നിലവിൽ എസ്.എസ്.എൽ.സിയാണ് പൊലീസാവാനുള്ള അടിസ്ഥാന യോഗ്യത. എന്നാൽ അപേക്ഷകരിൽ ഏറെയും ബിരുദ, ബിരുദാനന്തര ബിരുദ ധാരികളാണെന്ന് മന്ത്രി പറഞ്ഞു. പൊലീസ് സേനയുടെ നവീകരണം സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നുണ്ട്. സേനയുടെ വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യമാണുള്ളത്. ഈ ദിശയിൽ നിരീക്ഷിക്കുമ്പോൾ ബിരുദം യോഗ്യതയുള്ളവർക്ക് മുൻഗണന നൽകാം.

ലോകം കൈവരിക്കുന്ന പുരോഗതിയുടെ ഭാഗമാവാൻ പൊലീസ് സേനക്കും കഴിയണമെങ്കിൽ പത്താം ക്ലാസ് മതിയാവില്ല. സംസ്ഥാനത്ത് 18,000 കോൺസ്റ്റബിൾമാരുടെ ഒഴിവുണ്ടെന്ന് മന്ത്രി അറിയിച്ചു. 10 കോടി ചെലവിൽ നിർമിച്ച ബജ്പെ, വാമഞ്ചൂർ പൊലീസ് സ്റ്റേഷൻ കെട്ടിടങ്ങൾ, മൂന്നരക്കോടി ചെലവിട്ട സി.എ.ആർ കെട്ടിടം എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്തു.

മഞ്ചുനാഥ ഭണ്ഡാരി എം.എൽ.സി, മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ അനുപം അഗർവാൾ, ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാരായ ദിനേശ് കുമാർ, സിദ്ധാർഥ് ഗോയൽ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Karnataka Police to graduate basic qualification - Home Minister Parameshwara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.