ബംഗളൂരു: തലയിലെ കൊളോണിയൽ ഭരണ ശേഷിപ്പിന്റെ ഭാരത്തിൽനിന്ന് കർണാടക പൊലീസിന് മോചനം. പൊലീസ് കോൺസ്റ്റബിൾമാർ ഇനി പരമ്പരാഗത സ്ലൗച്ച് തൊപ്പികൾക്ക് പകരം നേവി ബ്ലൂ പീക്ക് തൊപ്പികൾ ധരിക്കും. പുതിയ തൊപ്പി മുഖ്യമന്ത്രി സിദ്ധരാമയ്യ പുറത്തിറക്കി.
സ്ലൗച്ച് തൊപ്പികളിൽനിന്ന് വ്യത്യസ്തമായി പുതിയ പീക്ക് കാപ്പുകളിൽ കോൺസ്റ്റബിളിന്റെ സർവിസ് നമ്പർ ഉണ്ടാവില്ല. അത് യൂനിഫോമിന്റെ ചുമൽ ബാഡ്ജിൽ മാത്രമേ പ്രദർശിപ്പിക്കൂ. പുതിയ തൊപ്പി പൊലീസുകാരുടെ ആത്മവിശ്വാസം വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ബ്രിട്ടീഷ് കാലഘട്ടത്തിൽ പൊലീസ് ഉദ്യോഗസ്ഥർ സ്ലൗച്ച് തൊപ്പികൾ ധരിച്ചിരുന്നു.
1953ൽ സായുധ സേനക്കായി അത്തരം തൊപ്പികൾ അവതരിപ്പിച്ചു. അതേസമയം സാധാരണ പൊലീസ് ഉദ്യോഗസ്ഥർ തലപ്പാവ് ധരിച്ചിരുന്നു. 1973ൽ ദേവരാജ് അർസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ പൊലീസ് ഉദ്യോഗസ്ഥർക്കായി സ്ലൗച്ച് തൊപ്പി അവതരിപ്പിച്ചു.
അതിനുശേഷം അഞ്ച് പതിറ്റാണ്ടുകളായി ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. കാപ് ഡിസൈൻ മാറ്റണമെന്ന് വർഷങ്ങളായി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും വിവിധ കാരണങ്ങളാൽ ആ നിർദേശം നടപ്പായില്ലെന്ന് ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര ചൂണ്ടിക്കാട്ടി.
ഇത്തവണ മറ്റ് സംസ്ഥാനങ്ങളിൽ മുതിർന്ന ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന തൊപ്പികളുടെ ഡിസൈനുകൾ പരിശോധിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെയാണ് നീല തൊപ്പി തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.