ബംഗളൂരു: നാലര പതിറ്റാണ്ട് മുമ്പ് അന്നത്തെ മുഖ്യമന്ത്രി ഗുണ്ടുറാവു പരീക്ഷിച്ച് പരാജയപ്പെട്ട പൊലീസ് തൊപ്പി പരിഷ്കരണം കർണാടകയിൽ യാഥാർഥ്യമാവുന്നു. കൊളോണിയൽ പൈതൃകം അവസാനിപ്പിക്കുന്നതിനുള്ള സുപ്രധാന നീക്കത്തിൽ സംസ്ഥാന പൊലീസ് വകുപ്പ് നിലവിൽ കോൺസ്റ്റബിൾമാർ ഉപയോഗിക്കുന്ന ‘സ്ലൗച്ച് തൊപ്പികൾ’ നിർത്തലാക്കാനും പകരം എ.എസ്.ഐ കേഡറിലെ ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ‘പീക്ക് കാപ്’ ഉപയോഗിക്കാനും ഒരുങ്ങുന്നു.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ സംസ്ഥാന പൊലീസ് ആസ്ഥാനത്ത് നടന്ന ഐ.പി.എസ് ഓഫിസർമാരുടെ വാർഷിക സമ്മേളനത്തിൽ ഇതുസംബന്ധിച്ച് തീരുമാനമായി. മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രപ്രദേശ്, കേരളം, ഗോവ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉപയോഗിക്കുന്ന തൊപ്പികൾ മുഖ്യമന്ത്രി സിദ്ധരാമയ്യ അവലോകനം ചെയ്തു. തുടർന്നാണ് തെലങ്കാന മോഡൽ തെരഞ്ഞെടുത്തത്.
പൊലീസ് യൂനിഫോമിലും ഉപകരണങ്ങളിലും അപ്ഡേറ്റുകൾ അവലോകനത്തിനും ശിപാർശ ചെയ്യാനും ചുമതലപ്പെടുത്തിയ പൊലീസ് കിറ്റ് സ്പെസിഫിക്കേഷൻ കമ്മിറ്റി ബ്രിട്ടീഷ് കാലഘട്ടത്തിലെ സ്ലൗച്ച് തൊപ്പികൾ മാറ്റാനുള്ള ശിപാർശ നൽകിയിരുന്നു. പൊലീസ് സേനയുടെ പ്രതിച്ഛായ ആധുനികവത്കരിക്കുന്നതിനും ആരോഗ്യ ആശങ്കകൾ പരിഹരിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കം. ഗുണ്ടുറാവു സർക്കാർ 1980ൽ കൊണ്ടുവന്ന പൊലീസ് തൊപ്പി പരിഷ്കരണം ആറ് മാസത്തിനകം ഉപേക്ഷിക്കേണ്ടിവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.