ബംഗളൂരു: കന്നഡ ഭാഷയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്ത് നിർമിക്കുന്ന എല്ലാ വ്യാവസായിക, ഉപഭോക്തൃ ഉൽപന്നങ്ങളുടെയും പേരുകളും ഉപയോഗ നിർദേശങ്ങളും മറ്റ് ഭാഷകൾക്കൊപ്പം കന്നഡയിൽ പ്രദർശിപ്പിക്കണമെന്ന് ഉത്തരവിറക്കി കർണാടക സർക്കാർ.
സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ മേഖലകളിൽ നിർമിക്കുന്ന എല്ലാ വ്യാവസായിക, ഉപഭോക്തൃ ഉൽപന്നങ്ങൾക്കും നിർദേശം ബാധകമാണ്. ‘‘ഭാഷ ആ നാടിന്റെ സംസ്കാരത്തെയും പാരമ്പര്യത്തെയും മൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്നു. ഒരു ഭാഷ വികസിക്കണമെങ്കിൽ ആ നാട്ടിലെ ഉൽപാദനം, വിപണനം, ബിസിനസ് എന്നിവ പ്രാദേശിക ഭാഷയിലായിരിക്കണം.
കന്നഡ ഭാഷയുടെ സമഗ്രമായ വികസനത്തിനും ജീവിതത്തിന്റെ എല്ലാ മേഖലകളിലും കന്നഡിഗർക്ക് മികച്ച അവസരങ്ങൾ നൽകുന്നതിനും വേണ്ടിയാണ് 2024 മാർച്ച് 12 മുതൽ പ്രാബല്യത്തിൽ വരുന്ന കന്നഡ ഭാഷാ സമഗ്ര വികസന നിയമം 2022 സർക്കാർ നടപ്പിലാക്കിയത്.
പ്രസ്തുത നിയമപ്രകാരം സംസ്ഥാനത്തിനുള്ളിൽ നിർമിക്കുകയും വിൽക്കുകയും ചെയ്യുന്ന എല്ലാ വ്യാവസായിക, മറ്റു ഉപഭോക്തൃ ഉൽപന്നങ്ങളുടെയും പേരുകളും അവയുടെ ഉപയോഗത്തിനുള്ള നിർദേശങ്ങളും മറ്റേതെങ്കിലും ഭാഷക്കൊപ്പം കന്നഡയിലായിരിക്കണമെന്നും’’ സർക്കുലറിൽ പറയുന്നു. സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ മേഖലകളിൽ നിർമിക്കുന്ന എല്ലാ വ്യാവസായിക, ഉപഭോക്തൃ ഉൽപന്നങ്ങളിലും മറ്റു ഭാഷകൾക്കൊപ്പം കന്നഡയിലും അവയുടെ ഉപയോഗത്തെക്കുറിച്ചുള്ള പേരുകളും നിർദേശങ്ങളും നിർബന്ധമായും അച്ചടിക്കാൻ നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.