ബംഗളൂരു: ഡി.ഐ.ജി വർത്തിക കത്യാർ ഉന്നയിച്ച ആരോപണത്തെത്തുടർന്ന് കർണാടക സർക്കാർ ഐ.പി.എസ് ഓഫിസർ ഡി. രൂപ മൗദ്ഗിലിനെ സ്ഥലം മാറ്റി. തന്റെ ചേംബറിൽ മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ ചോർത്താൻ പൊലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ചതായി വർത്തിക തന്റെ മേലുദ്യോഗസ്ഥയായ രൂപ മൗദ്ഗിലിനെതിരെ ആരോപണമുന്നയിച്ചിരുന്നു.
കർണാടക സിൽക്ക് മാർക്കറ്റിങ് ബോർഡ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനത്തേക്കാണ് രൂപയെ സ്ഥലംമാറ്റിയത്. 2010 ബാച്ച് ഐ.പി.എസ് ഓഫിസറായ വർത്തിക കത്യാർ ഫെബ്രുവരി 20നാണ് ചീഫ് സെക്രട്ടറി ശാലിനി രജനീഷിന് പരാതി നൽകിയത്.
പരാതിയുടെ പകർപ്പ് പൊലീസ് ഡയറക്ടർ ജനറൽ അലോക് മോഹനും കൈമാറി. 2024 സെപ്റ്റംബർ ആറിന് രൂപ മൗദ്ഗിലിന്റെ നിർദേശപ്രകാരം രണ്ട് പൊലീസ് ഉദ്യോഗസ്ഥർ തന്റെ ഓഫിസിൽ കയറി രേഖകളുടെ ഫോട്ടോകൾ എടുത്തുവെന്നും പിന്നീട് അവ വാട്സ്ആപ് വഴി പങ്കുവെച്ചതായും അവർ ആരോപിച്ചു
. ഹെഡ് കോൺസ്റ്റബ്ൾ മഞ്ജുനാഥ് ടി.എസ്, ഹോം ഗാർഡ് മല്ലികാർജുൻ എന്നിവർ കൺട്രോൾ റൂമിൽ നിന്നുള്ള താക്കോൽ ഉപയോഗിച്ച് വർത്തികയുടെ ഓഫിസിലേക്ക് പ്രവേശിച്ചതായി പരാതിയിൽ പറയുന്നു.
ഐ.ജിക്കെതിരെ പരാതി നൽകിയ വർത്തിക കത്യാറിനെ കഴിഞ്ഞദിവസം സ്ഥലംമാറ്റിയിരുന്നു. തന്റെ പേരിൽ മോശം റിപ്പോർട്ട് മേലുദ്യോഗസ്ഥർക്ക് നൽകുമെന്ന് രൂപ ഭീഷണിപ്പെടുത്തിയതായും വർത്തികയുടെ പരാതിയിൽ ആരോപിച്ചു. ഇതിന്റെ തുടർച്ചയായാണ് വർത്തികയെ സ്ഥലംമാറ്റിയത്.
സിവിൽ ഡിഫൻസ് വിഭാഗത്തിൽ ഡി.ഐ.ജിയായാണ് സ്ഥലംമാറ്റം. രൂപയുടെ പേരിൽ നേരത്തേ അവരുടെ കീഴ്ജീവനക്കാർ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതിനൽകിയിരുന്നു. ഇത് വർത്തികയുടെ നിർദേശപ്രകാരമാണെന്നാണ് രൂപയുടെ ആരോപണം.
നേരത്തേ വനിത ഐ.എ.എസ് ഓഫിസറായ രോഹിണി സിന്ദൂരിയും ഡി. രൂപയും തമ്മിൽ സമാനമായ പോര് നടന്നിരുന്നു. രോഹിണിയുടെ പേരിൽ രൂപ നൽകിയ മാനനഷ്ടക്കേസ് ഇപ്പോൾ ഹൈകോടതിയുടെ പരിഗണനയിലാണ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.