ബംഗളൂരു: കര്‍ഷകര്‍ക്ക് പകല്‍ സമയത്ത് തടസ്സമില്ലാതെ ഏഴ് മണിക്കൂര്‍ വൈദ്യുതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ കുസും -സി പദ്ധതിയിലൂടെ 745 മെഗാവാട്ട് സൗരോർജ ഉല്പാദനം ലക്ഷ്യമിടുന്നതായി കര്‍ണാടക സര്‍ക്കാര്‍. പദ്ധതി പ്രകാരം സംസ്ഥാനത്ത് ഇതുവരെ 200 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിച്ചു.
വരുംമാസങ്ങളില്‍ 545 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന് ശേഷിയുള്ള സൗരോർജ യൂനിറ്റുകള്‍ 93 സ്ഥലങ്ങളിലായി സ്ഥാപിക്കുമെന്നും അവ പകല്‍ സമയത്ത് തടസ്സമില്ലാതെ വൈദ്യുതി പ്രദാനം ചെയ്യുമെന്നും ഊര്‍ജമന്ത്രി കെ.ജെ. ജോര്‍ജ് പറഞ്ഞു.
ഹാസനിൽ ഊര്‍ജ വകുപ്പിന്റെ പുരോഗതി അവലോകന യോഗത്തിന് ശേഷം വാർത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കുസും -സി പദ്ധതിയുടെ കീഴില്‍ കാർഷിക പമ്പ് സെറ്റുകളുടെ ഫീഡർ സോളറൈസേഷൻ വഴി 2400 മെഗാവാട്ട് സൗരോർജ വൈദ്യുതി ഉല്പാദിപ്പിക്കുക എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യം. കുസും-സി പദ്ധതിയുടെ കീഴിലുള്ള സൗരോർജ പവര്‍ യൂനിറ്റ് ഗൗരിബിദന്നൂരില്‍ അടുത്തിടെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തതായും ഫീഡര്‍ സോളറൈസേഷൻ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.നിലവില്‍ പദ്ധതി പ്രകാരം ഒരു മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന് നാല് ഏക്കര്‍ സ്ഥലം ആവശ്യമാണ്.
സര്‍ക്കാര്‍ ഭൂമി ലഭ്യമായ സ്ഥലങ്ങളിൽ പദ്ധതിക്ക് വേണ്ടി അവ സൗജന്യമായി വിട്ടുനൽകാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നൽകിയിട്ടുണ്ട്.സ്വകാര്യ വൈദ്യുതി ഉൽപാദകർ ഏക്കറിന് 25,000 രൂപ നിരക്കിൽ ജില്ല കമീഷണറുടെ പക്കല്‍ ഏല്‍പ്പികുകയും ആ തുക സബ് സ്റ്റേഷനുകള്‍ സ്ഥിതിചെയ്യുന്ന ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളുകളുടെയും അംഗന്‍വാടികളുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഉപയോഗിക്കുകയും ചെയ്യണം.
കൂടാതെ സ്വകാര്യ ഭൂമികൾ പാട്ടത്തിന് എടുക്കുകയാണെങ്കിൽ ഭൂമിയുടെ ഉടമസ്ഥന് ഏക്കറിന് 25,000 രൂപ എന്ന നിരക്കില്‍ നല്‍കുകയും വേണം. കര്‍ഷകര്‍ക്ക് തടസ്സം ഇല്ലാത്ത രീതിയില്‍ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുകയാണ്. സംസ്ഥാനത്ത് ഇതുവരെ നാല് ലക്ഷം അനധികൃത പമ്പ് സെറ്റുകള്‍ കണ്ടെത്തി. ഇവയില്‍ മൂന്ന് ലക്ഷം പമ്പ് സെറ്റുകള്‍ നിയമാനുസൃതമാക്കി.
വൈദ്യുതി ഫീഡറുകളുടെ 500 മീറ്റര്‍ പരിധിയിലുള്ള സോളാര്‍ പമ്പ് സെറ്റുകള്‍ക്ക് വേണ്ടി ട്രാന്‍സ്ഫോര്‍മറുകള്‍ ഊര്‍ജ വകുപ്പ് സ്ഥാപിക്കും. 500 മീറ്ററിന് പുറത്തുള്ള സോളാര്‍ പമ്പ് സെറ്റുകളക്കുവേണ്ടിയുള്ള ട്രാന്‍സ്ഫോര്‍മറുകള്‍ കുസും-സി പദ്ധതി പ്രകാരം സ്ഥാപിക്കും. കര്‍ഷകരുടെയും പൊതുജനങ്ങളുടെയും പരാതികള്‍ക്ക് ഉടന്‍ പരിഹാരം കാണണം. പൊതുജനങ്ങളുടെ പരാതി അവഗണിക്കുന്നത് ഊര്‍ജ വകുപ്പിനെ പ്രതികൂലമായി ബാധിക്കും.
ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും മുതിർന്ന ഉദ്യോഗസ്ഥരോട് ഊര്‍ജ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.