ബംഗളൂരു: കോൺഗ്രസ് സർക്കാറിന്റെ അഞ്ചിന സാമൂഹിക ക്ഷേമ പദ്ധതികളെയും വെട്ടാതെ ബജറ്റ്. ശക്തി പദ്ധതി, ഗൃഹ ജ്യോതി പദ്ധതി, അന്ന ഭാഗ്യ പദ്ധതി, യുവനിധി പദ്ധതി, ഗൃഹലക്ഷ്മി പദ്ധതി എന്നിവക്ക് വിഹിതം കുറയാതെ അനുവദിച്ച ബജറ്റിൽ നിരവധി ക്ഷേമ പദ്ധതികളും ഇടംനേടി. അഞ്ചിന ഗാരന്റി പദ്ധതികൾക്കായി 51,034 കോടിയാണ് മാറ്റിവെച്ചത്. ശക്തി പദ്ധതി- 5300 കോടി, ഗൃഹജ്യോതി പദ്ധതി- 10,100 കോടി എന്നിങ്ങനെ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെക്കാളും കൂടിയ തുകയാണ് ഇത്തവണ അനുവദിച്ചത്. അഞ്ചിന ഗാരന്റി പദ്ധതികൾ സർക്കാറിനെ കടത്തിലാക്കിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിനിടെയാണ് ക്ഷേമ പദ്ധതികളെ കോൺഗ്രസ് സർക്കാർ വീണ്ടും ചേർത്തുപിടിച്ചത്.
3,58,657 കോടിയുടെ ബജറ്റാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ചത്. ഈ സാമ്പത്തിക വർഷത്തിൽ 40,8647 കോടിയുടെ വരവും സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്. ധന വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി എന്ന നിലയിൽ സിദ്ധരാമയ്യയുടെ 16ാം ബജറ്ററായിരുന്നു ഇത്. ബജറ്റ് സെഷൻ ആരംഭിക്കുന്നതിന് മുമ്പ് പ്രതിപക്ഷ പാർട്ടിയായ ബി.ജെ.പിയുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറി.
തന്റെ രാഷ്ട്രീയ കരിയറിലെ 16ാം ബജറ്റ് അവതരണമാണിതെന്നും അതിന് അവസരം തന്ന കർണാടകയിലെ ജനങ്ങളോട് ഏറെ നന്ദിയുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. സാധാരണ സഭയിൽ എഴുന്നേറ്റുനിന്നാണ് ബജറ്റ് അവതരണമുണ്ടാവാറ്.
എന്നാൽ, തനിക്ക് കാൽമുട്ടിന് ശസ്ത്രക്രിയ കഴിഞ്ഞതിനാൽ ഏറെ സമയം എഴുന്നേറ്റു നിൽക്കുന്നതിന് പ്രയാസമുണ്ടെന്നും കസേരയിലിരുന്ന് ബജറ്റ് അവതരിപ്പിക്കാൻ അനുമതി നൽകണമെന്നും അദ്ദേഹം സ്പീക്കറോട് അഭ്യർഥിച്ചു. രാഷ്ട്ര കവി കുവെമ്പുവിന്റെയും മറ്റു പ്രശസ്ത കവികളുടെയും കവിതാ ശകലവുമായാണ് സിദ്ധരാമയ്യ ബജറ്റ് അവതരണത്തിന് തുടക്കമിട്ടത്.
സംസ്ഥാനം നൽകുന്ന നികുതിയുടെ 50 ശതമാനം കേന്ദ്രം തിരിച്ചുനൽകണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. 15ാം ധനകാര്യ കമീഷൻ നിർദേശങ്ങൾ നടപ്പാക്കിയ ശേഷം കേന്ദ്രം കർണാടകക്ക് നൽകുന്ന നികുതി വിഹിതത്തിൽ വൻ കുറവുണ്ടായി. ജി.എസ്.ടി വരുമാന നഷ്ടം പരിഹരിക്കാൻ കേന്ദ്രം പരാജയപ്പെട്ടതും സെസ് തുക വിട്ടു നൽകാത്തതും സംസ്ഥാനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കി. സംസ്ഥാനത്തിന്റെ ജി.ഡി.പിയിൽ 7.8 ശതമാനം വളർച്ചയുണ്ടായെന്നും ദേശീയ ശരാശരിയെയും മറികടന്നാണ് ഈ വളർച്ചയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 2024-25 ഇന്ത്യയുടെ ജി.ഡി.പി 6.5 ശതമാനമാണ്. രാജ്യത്തിന്റെ ജി.ഡി.പിയിൽ 8.4 ശതമാനവും സംഭാവനചെയ്യുന്നത് കർണാടകയാണെന്ന് സിദ്ധരാമയ്യ സൂചിപ്പിച്ചു. കാർഷിക മേഖലയിൽ കർണാടക നാലു ശതമാനം വളർച്ച കൈവരിച്ചു.
മറ്റു പ്രധാന ബജറ്റ് നിർദേശങ്ങൾ
- 2030ഓടെ 20 ലക്ഷം പേർക്ക് തൊഴിൽ
- അടിസ്ഥാന സൗകര്യ വികസനത്തിനായി 8000 കോടി
- അഗ്രികൾചർ- ഹോർട്ടി കൾചർ വകുപ്പിന് 7145 കോടി
- പൊതുമരാമത്ത് വകുപ്പിന് 11,841 കോടി
- ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന് 8275 കോടി
- യത്തിനഹോളെ പദ്ധതിക്കായി 553 കോടി
- മാധ്യമപ്രവർത്തകർക്കായി സഞ്ജീവനി പദ്ധതി
- 80 വയസ്സിന് മുകളിലുള്ളവർക്കായി അന്ന സുവിധ പദ്ധതി
- വനിതകൾക്കായി ‘അക്ക കോഓപറേറ്റിവ്’ സ്ഥാപനങ്ങൾ
- എ.ഡി.ബിയുടെ 2500 കോടി വായ്പ സഹായത്തോടെ 500 പുതിയ പബ്ലിക് സ്കൂളുകൾ ആരംഭിക്കും
- മൈസൂരുവിലെത്തുന്ന ടൂറിസ്റ്റുകൾക്കായി മത്സ്യ വിഭവങ്ങളൊരുക്കുന്ന ഹൈടെക് മത്സ്യ ദർശിനി റസ്റ്റാറന്റ് തുറക്കും
- ന്യൂനപക്ഷ വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവതീയുവാക്കൾക്ക് 50,000 രൂപയുടെ സാമ്പത്തിക സഹായം നൽകും
- തീരദേശ മേഖലയിൽ കടലാക്രമണം തടയാൻ 200 കോടി
- മാൽപെയിൽ പൊതു-സ്വകാര്യ പങ്കാളിത്ത മോഡലിൽ മൾട്ടിലെവൽ കാർ പാർക്കിങ് കേന്ദ്രം സ്ഥാപിക്കും
- എസ്.സി-എസ്.ടി വിഭാഗങ്ങളിലെ തെരഞ്ഞെടുക്കപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് ഫോർവീലർ വാങ്ങാൻ 50 ശതമാനം (പരമാവധി മൂന്നു ലക്ഷംവരെ) സാമ്പത്തിക സഹായം
ഉന്നത വിദ്യാഭ്യാസ മേഖല
- ബാംഗ്ലൂർ സിറ്റി യൂനിവേഴ്സിറ്റിയുടെ പേര് ഡോ. മൻമോഹൻ സിങ് ബംഗളൂരു സിറ്റി യൂനിവേഴ്സിറ്റി എന്നാക്കും
- 31 വനിത കോളജുകൾ കഴിഞ്ഞവർഷം അപ്ഗ്രേഡ് ചെയ്തിരുന്നു. ബാക്കി 26 കോളജുകൾ ആധുനികവത്കരിക്കാൻ 26 കോടി
- ഗവ. ഫസ്റ്റ് ഗ്രേഡ് കോളജ്, എൻജിനീയറിങ് കോളജ്, പോളി ടെക്നിക് എന്നിവിടങ്ങളിലായി ഒഴിവുള്ള 2000 തസ്തികകൾ നികത്തും
- ഗവ. എൻജിനീയറിങ് കോളജുകൾ, പോളി ടെക്നിക്, ഡിഗ്രി കോളജുകൾ അപ്ഗ്രേഡ് ചെയ്യാൻ 275 കോടി
- പുതിയ കോളജുകൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി 10 കോടി
- ഗദഗ് മെഡിക്കൽ കോളജിൽ 10 കോടി ചെലവിൽ സ്റ്റേറ്റ് ഓഫ് ദി ആർട്ട് കാർഡിയാക് യൂനിറ്റ്
- കലബുറഗിയിലെ ജയദേവ കാർഡിയോളജി ഹോസ്പിറ്റൽ വികസനത്തിന് 304 കോടി
- ബംഗളൂരുവിൽ നെഫ്രോ- യൂറോളജി ഇൻസ്റ്റിറ്റ്യൂട്ട് 26 കോടി ചെലവിൽ പണി പൂർത്തിയാക്കും
- സ്വകാര്യ-പൊതു പങ്കാളിത്തത്തിൽ കോലാറിൽ പുതിയ മെഡിക്കൽ കോളജ്
- ബിദർ ഗവ. മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ കാൻസർ ഡയഗ്നോസിസ് യൂനിറ്റ്
- ബംഗളൂരുവിലെ ബൗറിങ് ആൻഡ് ലേഡി കഴ്സൺ ആശുപത്രിയിൽ 297 കോടി ചെലവിൽ 500 കിടക്കകളുള്ള കെട്ടിടം വൈകാതെ പ്രവർത്തനക്ഷമമാക്കും
- 100 കോടി ചെലവിൽ നിംഹാൻസ് മോഡൽ സ്ഥാപനങ്ങൾ മൈസൂരു, കലബുറഗി മെഡിക്കൽ കോളജുകളിൽ സ്ഥാപിക്കും
- കൊപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് 100 കോടി ചെലവിൽ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയായി വികസിപ്പിക്കും
- യെൽബുർഗ, ജേവർഗി, യാദ്ഗിർ എന്നിവിടങ്ങളിൽ പുതിയ നഴ്സിങ് കോളജുകൾക്ക് ആറു കോടി വീതം ഫണ്ട് അനുവദിച്ചു
- ദക്ഷിണ കന്നട പുത്തൂരിൽ പുതിയ മെഡിക്കൽ കോളജ് അനുവദിച്ചു. ഇതിന്റെ ഭാഗമായി നിലവിൽ 100 കിടക്കകളുള്ള താലൂക്ക് ആശുപത്രി വികസിപ്പിക്കും
ആരോഗ്യ-കുടുംബക്ഷേമം
- ഗർഭസ്ഥ ശിശു മരണനിരക്ക് കുറക്കാൻ നടപടിയെടുക്കും. ഇതിനായി 320 കോടി അനുവദിച്ചു.
- ബംഗളൂരു നോർത്ത് താലൂക്കിൽ പുതിയ ആശുപത്രി നിർമിക്കും. ആധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന 200 കിടക്കകളുള്ള ആശുപത്രിക്കായി 150 കോടി വകയിരുത്തി.
- പുതിയ താലൂക്കുകളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ സാമൂഹികാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തും.
- മംഗളൂരു വെൻലോക്ക് ആശുപത്രിയും ദാവൻഗരെ ജില്ല ആശുപത്രിയും
- ഗൃഹലക്ഷ്മി പദ്ധതിയിൽ 2024-25ൽ 1.22 കോടി വീട്ടമ്മമാർക്കായി 28,608 കോടി കൈമാറി.
- അംഗൻവാടി ജീവനക്കാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർധിപ്പിച്ചു. അംഗൻവാടി ഹെൽപ്പർമാർക്ക് 750 രൂപ അധികം ലഭിക്കും.
- സംസ്ഥാനത്തെ 17,454 അംഗൻവാടികളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ 175 കോടിയുടെ പദ്ധതി. ഓരോ സെന്ററിനും ഒരു ലക്ഷം രൂപ വീതം അനുവദിക്കും.
- സ്കൂളുകളിൽ റാമി ഹെൽത്ത് മിക്സ് വിതരണം ആഴ്ചയിൽ അഞ്ചുദിവസമാക്കി ഉയർത്തി
- ഉച്ചഭക്ഷണത്തിനൊപ്പം മുട്ടയും പഴവും വിതരണം ചെയ്യാൻ 1500 കോടി
- 50 ഹൈസ്കൂളുകൾ അപ്ഗ്രേഡ് ചെയ്യും. വിദ്യാർഥി ഹോസ്റ്റലുകളുടെ നവീകരണത്തിന് 25 കോടി
- 100 ഗവ. ഹയർ പ്രൈമറി സ്കൂളുകളും 500 പുതിയ കർണാടക പബ്ലിക് സ്കൂളുകളും സ്ഥാപിക്കും
കാർഷിക മേഖല
- ഡിജിറ്റൽ കൃഷി കേന്ദ്ര ഒരുക്കും
- മുദ്ദെബിഹാലിൽ കാർഷിക ഗവേഷണ കേന്ദ്രം സ്ഥാപിക്കും
- ഗദഗിലെ ദംപലിൽ ഹോർട്ടി കൾചർ കോളജ്
- കാർഷികമേഖലയിലെ യന്ത്രവത്കരണത്തിന് 428 കോടി. അര ലക്ഷം ഗുണഭോക്താക്കളെ ലക്ഷ്യമിട്ടാണ് പദ്ധതി.
- സൂക്ഷ്മ ജലസേചന പദ്ധതികൾക്കായി 440 കോടിയുടെ സഹായം
- കൃഷി ഭാഗ്യ പദ്ധതിയിൽ പെടുത്തി സംസ്ഥാനത്ത് 12,000 പുതിയ കുളങ്ങൾ കുഴിക്കും
- മാണ്ഡ്യയിൽ അഗ്രികൾചർ യൂനിവേഴ്സിറ്റി വികസനത്തിനായി 25 കോടി
- ബംഗളൂരു ജി.കെ.വി.കെ കാമ്പസിൽ പ്ലാന്റ് ഫിനോടൈപിങ് യൂനിറ്റ്
- ചെറുകിട കർഷകർക്കായി റൈത്ത സമൃദ്ധി യോജന
- ജൈവ-ചെറുധാന്യ കൃഷി പ്രോത്സാഹിപ്പിക്കാൻ 20 കോടി
ബംബറടിച്ച് ബംഗളൂരു
ബംഗളൂരു: ബംഗളൂരുവിനായി 7,000 കോടിയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പദ്ധതിയായ ടണൽ റോഡ് നിർമാണത്തിനായി 40,000 കോടിയും ബജറ്റിൽ വകയിരുത്തി. സിഗ്നൽ രഹിത നോർത്ത്- സൗത്ത്, ഈസ്റ്റ്- വെസ്റ്റ് ടണലുകളാണ് നഗരത്തിന്റെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിർമിക്കുക. ബി.ബി.എം.പിക്കുള്ള വാർഷിക ഗ്രാൻറിലും ഇരട്ടിയിലേറെ വർധന വരുത്തി. നേരത്തേ 3,000 കോടി അനുവദിച്ചിരുന്നത് 7000 കോടിയാക്കി.
- നമ്മ മെട്രോ മൂന്നാം ഘട്ടത്തിൽ 40.5 കിലോമീറ്റർ വരുന്ന ഡബ്ൾ ഡക്കർ ഫ്ലൈ ഓവറിനായി 8916 കോടി
- കനാൽ ബഫർ സോണുകളിൽ 300 കിലോമീറ്റർ അധിക റോഡ് നിർമാണത്തിന് 3,000 കോടി
- 460 കിലോമീറ്റർ ആർട്ടീരിയൽ ആൻഡ് സബ് ആർട്ടീരിയൽ റോഡിന് 650 കോടി
- 120 കി.മീ മേൽപാത നിർമിക്കാൻ പദ്ധതി
- 73 കിലോമീറ്റർ വരുന്ന ബംഗളൂരു ബിസിനസ് കോറിഡോർ (മുമ്പ് ഇത് ഔട്ടർ പെരിഫറൽ റിങ് റോഡ് പദ്ധതിയായിരുന്നു) നിർമിക്കാൻ 27,000 കോടി
- ദേവനഹള്ളിയിൽ 407 ഏക്കർ ഭൂമിയിൽ ബംഗളൂരു സിഗ്നേച്വർ പാർക്ക്
- മെജസ്റ്റിക് സ്കീമിൽ ഉൾപ്പെടുത്തി ബംഗളൂരു മെജസ്റ്റിക് ബസ്സ്റ്റാൻഡ് നവീകരിക്കും. കമേഴ്സ്യൽ കോംപ്ലക്സ് അടക്കമുള്ളവ നിർമിക്കും
- ബി.ഡബ്ല്യു.എസ്.എസ്.ബിക്ക് 3000 കോടി
- ബംഗളൂരുവിലെ വെള്ളക്കെട്ട് തടയാൻ 2000 കോടിയുടെ പദ്ധതി
- മലിന ജല സംസ്കരണത്തിന് 1070 കോടി
- ബി.ബി.എം.പിക്ക് കീഴിലെ 14 തടാകങ്ങൾ 35 കോടി മുടക്കി പുനരുജ്ജീവിപ്പിക്കും
- ബി.ഡി.എയുടെ കീഴിൽ 234 കോടി ചെലവിൽ വർത്തൂർ, ബെലന്തൂർ തടാകങ്ങൾ പുനരുദ്ധാരണത്തിന് പദ്ധതി
- അടുത്ത രണ്ടു വർഷത്തിനകം ദേവനഹള്ളി പാതയടക്കം 98.6 കിലോമീറ്റർ നമ്മ മെട്രോ പാത പൂർത്തീകരിക്കും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.