ബംഗളൂരു: കൈരളി കലാസമിതി സാഹിത്യോത്സവം ജൂൺ എട്ടിന് വിമാനപുര കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന ഉദ്ഘാടന സെഷനിൽ സാഹിത്യകാരന്മാരായ എൻ.എസ്. മാധവൻ, സുഭാഷ് ചന്ദ്രൻ, ഇ.പി. രാജഗോപാലൻ തുടങ്ങിയവർ പങ്കെടുക്കും. ‘മലയാള നോവൽ: ഇന്നലെ ഇന്ന് നാളെ’ എന്ന വിഷയത്തിൽ സുഭാഷ് ചന്ദ്രനും ‘കഥയുടെ ജീവിതം’ എന്ന വിഷയത്തിൽ ഇ.പി. രാജഗോപാലനും ‘ഡിജിറ്റൽ കാലത്തെ സാഹിത്യം’ എന്ന വിഷയത്തിൽ എൻ.എസ്. മാധവനും സംസാരിക്കും.
തുടർന്ന്, മലയാള നാടകവേദിയുടെ ഭൂതവും വർത്തമാനവും ചർച്ച ചെയ്യുന്ന ‘നാടകത്തിലെ പരിണാമ ദിശകൾ’ എന്ന സംവാദം നടക്കും. ഇ.പി. രാജഗോപാലൻ, പ്രകാശ് ബാരെ, ജോസഫ് നീനാസം, അനിൽ രോഹിത് എന്നിവർ പങ്കെടുക്കും. കവിയരങ്ങിൽ ‘സമകാലിക മലയാളം കവിത’ എന്ന വിഷയത്തിൽ കവി റഫീക്ക് അഹമ്മദ് പ്രഭാഷണം നിർവഹിക്കും. വൈകീട്ട് 5.30ന് നടക്കുന്ന സമാപന സെഷനിൽ, കൈരളി കലാസമിതിയുടെ പ്രഥമ സാഹിത്യ പുരസ്കാരം എൻ.എസ്. മാധവന് സമർപ്പിക്കും. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
ചടങ്ങിൽ പ്രസിഡന്റ് സുധാകരൻ രാമന്തളി അധ്യക്ഷത വഹിക്കും. പ്രശസ്ത കന്നട സാഹിത്യകാരനും ജ്ഞാനപീഠം അവാർഡ് ജേതാവുമായ ഡോ. ചന്ദ്രശേഖര കമ്പാർ മുഖ്യാതിഥിയാവും. സുഭാഷ് ചന്ദ്രൻ, റഫീക്ക് അഹമ്മദ്, ഇ.പി. രാജഗോപാലൻ എന്നിവർ ആശംസ നേരും.
പുരസ്കാരം ഏറ്റുവാങ്ങി എൻ.എസ്. മാധവൻ സംസാരിക്കും. കൈരളി കലാസമിതി സെക്രട്ടറി പി.കെ. സുധീഷ് സ്വാഗതവും സംഘാടക സമിതി കൺവീനർ ബി. രാജശേഖരൻ നന്ദിയും പറയും. തുടർന്ന്, തമിഴ് മഹാകവി ഇളങ്കോവടികളുടെ ഇതിഹാസ കാവ്യത്തിന്റെ രംഗാവിഷ്കാരമായി മാതാ പേരാമ്പ്ര അവതരിപ്പിക്കുന്ന ‘ചിലപ്പതികാരം’ അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.